കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.

സർവകലാശാല കരടുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ അറിയിച്ചു. വിദ്യാർഥി രാഷ്ട്രീയത്തെ അമർച്ച ചെയ്യാനുള്ള ഏത് ശ്രമവും ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളിലും സമൂഹത്തിന്റെ പൊതുധാരയിലും വിദ്യാർഥി സംഘടനകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

രാഷ്ട്രീയവും ചരിത്രവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കാനും പ്രവർത്തിക്കാനും പൂർണ അവകാശമുണ്ടെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

പതിനെട്ട് വയസ്സ് പൂർത്തിയായ ഒരു പൗരന് ഏത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ്-സംഘപരിവാർ താൽപ്പര്യങ്ങൾക്ക് വഴങ്ങിയുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ച എസ്എഫ്ഐ, വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.