മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്നാട്ടിലും ഇ.ഡി. കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ച കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇ.ഡി-മോദി-വി.ഡി. കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.
സതീശനും ചെന്നിത്തലയും ഇ.ഡി.യുടെ ബിനാമികളായി മാറിയെന്നും, ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്റെ ഭാഗമാണ് ഈ കേസെന്നും ജയരാജൻ പറഞ്ഞു. നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്നും, വി.ഡി. സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഈ പ്രതികാര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
