സംസ്ഥാന സർക്കാരിന്റെ പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തന്നെ എതിർപ്പ് ഉയർന്നതായി റിപ്പോർട്ട്. മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫുമാണ് തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയത്.
മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകുന്ന വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ചർച്ച നടന്നത്. നിയമനങ്ങളെ എതിർക്കുന്നതല്ല, മറിച്ച് ഇക്കാര്യം മുന്നണിയിലും പാർട്ടിയിലും ആവശ്യമായ രീതിയിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയ ശേഷമാണോ തീരുമാനമെടുത്തതെന്ന ചോദ്യമാണ് എ.പി. അനിൽകുമാർ ഉന്നയിച്ചതെന്നാണ് വിവരം.
കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് പി.ജെ. ജോസഫിന് പരിഗണന ലഭിക്കാത്തതും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. എന്നാൽ തീരുമാനം നേരത്തേ ചർച്ച ചെയ്തെടുത്തതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭയെ അറിയിക്കുകയും നിർദേശം അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിഷയം അവസാനിച്ചതെന്നാണ് വിവരം.
ഇതിന് പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനം മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകി. ക്യാബിനറ്റ് പദവി സംബന്ധിച്ച തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇക്കാര്യത്തിൽ മുന്നണിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം, മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനങ്ങൾ സംബന്ധിച്ച അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനുള്ള നിലപാടിൽ തന്നെയാണ് അടൂർ പ്രകാശ്. വിഷയത്തിൽ ഹൈക്കമാൻഡിനെ നേരിട്ട് കാണാൻ അദ്ദേഹം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജെ.ബി. മേത്തർ എംപിയും രംഗത്തെത്തി. മുന്നണിക്കുള്ളിൽ ഉയരുന്ന ആശങ്കകൾ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.
ക്യാബിനറ്റ് പദവി നിയമനങ്ങളെ ചൊല്ലിയുള്ള വിവാദം യുഡിഎഫിനുള്ളിലെ ഭിന്നതകൾ കൂടുതൽ പരസ്യമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
