ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടന്നു.
ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിവേക് ഭഗത് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി ഒരു വനിതാ മാധ്യമപ്രവർത്തക പരാതി നൽകിയതോടെയാണ് വിവാദം ശക്തമായത്. തുടർന്ന് സമാനമായ ആരോപണങ്ങളുമായി മറ്റ് രണ്ട് മാധ്യമപ്രവർത്തകരും രംഗത്തെത്തുകയായിരുന്നു.
പരാതികൾ നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, സിജെപി നേതാവ് സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാൻ എത്തി.
എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ആദ്യം അനുമതി നിഷേധിച്ചതോടെ പ്രതിഷേധക്കാർ സ്റ്റേഷനു മുന്നിൽ സമരം ആരംഭിച്ചു. പരാതി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകാതെ പിരിഞ്ഞുപോകില്ലെന്ന് സൗരവ് ദാസ് വ്യക്തമാക്കി.
ദീർഘനേരം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതിനിധി സംഘത്തെ പൊലീസ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിച്ചതായി സൗരവ് ദാസ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. വനിതാ മാധ്യമപ്രവർത്തകരുടെ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
