തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പൊലീസ് നടത്തിയ ഇടപെടൽ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ബന്ധപ്പെട്ട അനുമതികൾ നേടാതെയാണ് പൊലീസ് ഹോസ്റ്റൽ പരിസരത്തേക്ക് പ്രവേശിച്ചതെന്നും ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ നടപടികളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, എന്ത് ചെയ്താലും സംരക്ഷണം ലഭിക്കുമെന്ന ധാരണയിലാണ് ചിലർ പ്രവർത്തിക്കുന്നതെന്നും വി. ശിവൻകുട്ടി വിമർശിച്ചു. ആഭ്യന്തര മന്ത്രിയുടെ മാറ്റത്തോടൊപ്പം സർക്കാരിന്റെ സമീപനത്തിലും മാറ്റം വന്നതായി അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹയർ സെക്കൻഡറി തലത്തിൽ അധിക ബാച്ചുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഏകദേശം 300 കോടി രൂപയുടെ ക്രമക്കേടുണ്ടായിരിക്കാമെന്നാണ് തന്റെ സംശയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിനെയും വി. ശിവൻകുട്ടി വിമർശിച്ചു. കായികമേളയുടെ പേരിൽ അഴിമതിക്ക് കളമൊരുക്കുകയാണ് യുഡിഎഫ് സർക്കാരെന്നും, നിലവിലെ തീരുമാനങ്ങൾ മേളയുടെ നിലവാരം തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

36 കായിക ഇനങ്ങൾ 36 വേദികളിലായി നടത്താനുള്ള നീക്കം കായികമേളയുടെ ഏകോപിത സ്വഭാവം ഇല്ലാതാക്കുമെന്നും, കായികമേളയെ രാഷ്ട്രീയ മത്സരമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ തന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കായികമേളയുമായി ബന്ധപ്പെട്ട 17.5 പവൻ സ്വർണകപ്പും പതാകയും കാണാതായ സംഭവത്തിലും വി. ശിവൻകുട്ടി ചോദ്യമുയർത്തി. കപ്പും പതാകയും എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.