യുഡിഎഫിൽ പരസ്പര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയ കാര്യം സ്ഥിരീകരിച്ചെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർണായക വിഷയങ്ങളിൽ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അടൂർ പ്രകാശ് നേരത്തെയും രംഗത്തെത്തിയിരുന്നു. തന്റെ വിമർശനം വ്യക്തിപരമല്ലെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ആവർത്തിച്ചു.
ബോർഡ്-കോർപറേഷൻ നിയമനങ്ങൾ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനം എന്നിവയുൾപ്പെടെ നിരവധി തീരുമാനങ്ങൾ ചർച്ചകളില്ലാതെയാണെടുത്തതെന്ന് അടൂർ പ്രകാശ് ആരോപിച്ചു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം യുഡിഎഫ് യോഗങ്ങൾ വേണ്ടത്ര വിളിച്ചുചേർത്തിട്ടില്ലെന്നും, കൂട്ടായ ആലോചനയിലൂടെയായിരിക്കണം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മുസ്ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകിയതിന് പിന്നാലെയാണ് യുഡിഎഫിനുള്ളിലെ അസംതൃപ്തി കൂടുതൽ പരസ്യമായത്.
