കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിഞ്ഞേക്കും. രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേര്‍ത്തശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പള്ളിയെ അറിയിച്ചതായാണ് സൂചന.

തോല്‍വി സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശ്വസനീയമായ ഒരു കാരണം നിരത്താന്‍ നേതൃത്വത്തിനില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളെ അംഗീകരിക്കുകയേ നിവൃത്തിയുള്ളു. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ശക്തമായിക്കഴിഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ദേശീയനേതാക്കളില്‍ ചിലരും മുല്ലപ്പള്ളിയെ ഉപദേശിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കിയശേഷം സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായം.

കഴിഞ്ഞദിവസം കന്റോണ്‍മെന്റ് ഹൗസില്‍ മൂവരും ഒന്നിച്ചിരുന്ന് തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി. മുല്ലപ്പള്ളിക്ക് പകരം ആരെന്നത് ഹൈക്കമാന്‍ഡിന് വിട്ടേക്കും. മുല്ലപ്പള്ളി മല്‍സരിക്കാനിറങ്ങിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ഇനിയും സാധ്യത അടഞ്ഞിട്ടില്ലാത്തിനാലാണ്, കനത്തതോല്‍വിയിലും നേതൃത്തിനെതിരെ കെ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കാത്തത്. െഎ ഗ്രൂപ്പുകാരനായ സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് പ്രതിപക്ഷനേതൃസ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ ഗ്രൂപ്പ് വാദങ്ങള്‍ക്കൊക്കെ ഇനി ഹൈക്കമാന്‍ഡ് ചെവി കൊടുക്കുമോയെന്ന് സംശയമാണ്.