സംസ്ഥാനത്തെ രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ 21 അംഗങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനറും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍. എല്‍ഡിഎഫ് യോഗശേഷമാണ് പ്രതികരണം. 20ന് സത്യപ്രതിജ്ഞ നടക്കും. ആളുകളെ പരമാവധി ചുരുക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയെന്നും വിജയരാഘവന്‍. ആള്‍ക്കൂട്ടം ഒഴിവാക്കിയായിരിക്കും ചടങ്ങ്.

21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്‍, കേരളാ കോണ്‍ഗ്രസ് എം ഒന്ന്, ജനതാദള്‍ എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി.

ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് ബിയും കേരളാ കോണ്‍ഗ്രസ് എസും പങ്കിടും.

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍.

എ.വിജയരാഘവന്‍ മാധ്യമങ്ങളോട്

വിജയത്തിന് സഹായിച്ച കേരളീയ ജനതയോട് എല്‍ഡിഎഫ് യോഗം നന്ദി അറിയിച്ചതായും കണ്‍വീനര്‍ എ.വിജയരാഘവന്‍. എല്ലാ വിഭാഗം ജനങ്ങളും നല്‍കിയ വിപുലമായ പിന്തുണയാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിച്ചതെന്ന് യോഗം വിലയിരുത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാനിധിത്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന സര്‍ക്കാരാകും രൂപീകരിക്കുകയെന്നും എ. വിജയരാഘവന്‍.

കെ.കെ.ശൈലജ ഒഴികെ പുതുമുഖങ്ങള്‍

മന്ത്രിസ്ഥാനവും വകുപ്പും സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ധാരണ. കഴിഞ്ഞ സര്‍ക്കാരില്‍ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഐഎമ്മിന ഇക്കുറി 12 മന്ത്രിമാരായിരിക്കും. രണ്ടാം കക്ഷിയായ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന ചിത്രം കാനം രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കെ.കെ.ശൈലജ ടീച്ചര്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രകമ്മിറ്റി അംഗവും സിപിഎം സെക്രട്ടറിയറ്റ് അംഗവുമായ എം.വി.ഗോവിന്ദന്‍, സെക്രട്ടറിയേറ്റിലുള്ള പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിര്‍ മന്ത്രിസഭയിലുണ്ടാകും.

എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്ജ്, സജി ചെറിയാന്‍, പി.എ മുഹമ്മദ് റിയാസ്, പി നന്ദകുമാര്‍,വിഎന്‍ വാസവന്‍ എന്നിവര്‍ക്കാണ് സിപിഎമ്മില്‍ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. ജെഡിഎസിനും എന്‍സിപിക്കും ഒരു മന്ത്രിസ്ഥാനം. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് റോഷി അഗസ്റ്റിനാവും മന്ത്രിയാവുക. എന്‍ ജയരാജിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത.

സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് സിപിഐയില്‍ സാധ്യത. നാളെ പിണറായി വിജയനെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. 20നാണ് സത്യപ്രതിജ്ഞ. ഘടകകക്ഷികളില്‍ നിന്ന് ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ആദ്യഊഴത്തില്‍ മന്ത്രിസഭയിലുണ്ടാകും. കേരള കോണ്‍ഗ്രസ് ബിയിലെ കെ.ബി ഗണേഷ് കുമാറും, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാമൂഴത്തില്‍.