കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. വൈകിട്ട് നാല് മണി വരെയാണ് ബന്ദ്. പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും, ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും.
ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്.സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.