പതിമൂന്ന് വിമാനത്തവാളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേർത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക. വരാണസി, അമൃത്സർ, ഭൂവനേശ്വർ, റായ്പുർ, ഇൻഡോർ, ട്രിച്ചി എന്നീ വലിയ വിമാനത്താവളങ്ങളോടൊപ്പമാവും ചെറിയ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തുക.

ഇതിന്റെ നടപടികൾ ഈ സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്രവർത്തിക്കുക. ഇത്തരത്തിൽ നാല് വർഷത്തിനുള്ളിൽ 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ 2019-ൽ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു. ലേലനടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക.