കിഫ്ബി കേസില്‍ സമന്‍സയച്ച ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മന്ത്രി തോമസ് ഐസക്ക് അടുത്ത ബുധനാഴ്ച വരെ അദ്ദേഹം ഇഡിക്ക് മുമ്പില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് ഇഡി വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
രണ്ടാമത്തെ സമന്‍സില്‍ തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നതായി തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി വീണ്ടും ബുനാഴ്ച പരിഗണിക്കും. ഇതിനിടെ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടായതായി ഇഡി കോടതിയെ അറിയിച്ചു. തോമസ് ഐസക് കേസിലെ സാക്ഷിയാണെന്നും തെളിവു തേടാനാണ് വിളിപ്പിച്ചതെന്നും ഇഡി പറഞ്ഞു. പ്രതിയായിട്ടല്ല നോട്ടിസ് നല്കി വിളിപ്പിച്ചതെന്നും ഇഡി വ്യക്തമാക്കി.
രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തുടര്‍ നടപടികള്‍ വിലക്കണമെന്നും ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇ ഡി നല്കിയ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ (FEMA) ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും ഹര്‍ജിയില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഐസകിന്റെ വിശദീകരണം.