അസമില്‍ മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. കര്‍ണാടകയിലെ ബെല്‍ഗാവിയിലെ ശിവജി മഹാരാജ് ഗാര്‍ഡനില്‍ നടന്ന റാലിയിലായിരുന്നു അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് വരുന്ന ആളുകള്‍ അവിടെ മദ്രസകള്‍ നിര്‍മ്മിക്കുകയാണെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശില്‍ നിന്നും എത്തുന്നവര്‍ രാജ്യത്തിന്റെ നാഗരികതയേയും സംസ്‌കാരത്തേയും തകര്‍ക്കുന്നുവെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

മദ്രസകളല്ല ആവശ്യം. സ്‌കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം. അതിനാല്‍ തന്നെ 600 മദ്രസകളുടെ പ്രവര്‍ത്തനം താന്‍ നിര്‍ത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. ഒരു കാലത്ത് ദില്ലി ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ പൊളിക്കുന്നതിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ പറയുന്നത് ക്ഷേത്രങ്ങള്‍ പണിയുന്നതിനെ കുറിച്ചാണ്. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുന്നുവെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് വന്ന് മുഖ്യമന്ത്രിയായ നേതാവാണ് ഹിമന്ദ ബിശ്വ ശര്‍മ്മ.