ഹേമന്തത്തിന്റെ നിറങ്ങള്‍

എ സിംപിള്‍ ലൈഫ് : ഹോങ്കോങ്, 2012, സംവിധാനം ആന്‍ ഹൂയ്
ഹോങ്കോങ്ങിലെ ചലച്ചിത്ര നിര്‍മ്മാതാവായ റോജര്‍ ലീയുടെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രമാണ് എ സിംപിള്‍ ലൈഫ്. ആസ്വാദകരുടെയും ചലച്ചിത്ര നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രം സാമ്പത്തിക വിജയം നേടുകയും ചെയ്തു.

സമകാല സമൂഹത്തിലെ ജീവിതാവസ്ഥകളെ അതിമനോഹരമായി വരച്ചു വെക്കുന്ന ചലച്ചിത്രമാണ് എ സിംപിള്‍ ലൈഫ്. സിനിമയിലൂടെ സഞ്ചരിക്കുമ്പോള്‍ അതിഭാവുകത്വമില്ലാതെ മനോഹരമായി മനുഷ്യ ജീവിതങ്ങളെ പകര്‍ത്തി വെക്കുകയാണ്. അനാഥയായി ല്യൂങ് കുടുംബത്തില്‍ എത്തിയ ആ താവോ അറുപതുകൊല്ലമായി അവിടത്തെ വീട്ടുവേലക്കാരിയാണ്. കുടുംബത്തിലെ ഏതാണ്ടെല്ലാവരും സാന്‍ഫ്രാന്‍സിസ്‌കോയില്‍ കുടിയേറി. ഹോങ്കോങ്ങില്‍ അവശേഷിക്കുന്ന ഏക കുടുംബാംഗം റോജറാണ്. അതുകൊണ്ട് റോജറിന്റെ പരിചാരികയായി. അയാളുടെ ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയാണ് ആ താവോ. സ്‌നേഹത്തോടെയും കരുതലോടെയും റോജറിനെ പരിചരിക്കുന്നതില്‍ അവര്‍ ശ്രദ്ധാലുവാണ്.

അവരുടെ ദിനചര്യയിലൂടെ അവര്‍ തമ്മിലുള്ള ബന്ധം പ്രേക്ഷകമനസ്സില്‍ ഉറയ്ക്കുന്ന നിമിഷം സംവിധായകന്‍ അതു മുറിക്കുകയും ചെയ്യുന്നു. താവോയ്ക്ക് പക്ഷാഘാതം വരുന്നു. പരിചാരകജോലിയില്‍ നിന്നും പിരിയാനും വൃദ്ധസദനത്തില്‍ പോയി താമസിക്കാനുമുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിക്കുന്നു. വൃദ്ധസദനം തേടിയുള്ള റോജറിന്റെ സഞ്ചാരം ഏതാണ്ട് ഡോക്യുമെന്ററിയുടെ സമ്പ്രദായത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ വൃദ്ധസദനവ്യവസായത്തിന്റെ ഭീതിദമായ വളര്‍ച്ച നമുക്കു കാണാം. ഒടുവില്‍ റോജര്‍ തന്റെ പരിചാരികയ്ക്ക് താമസിക്കാന്‍ പറ്റിയ വൃദ്ധസദനം കണ്ടെത്തുന്നു.

വൃദ്ധസദനമാണ് പിന്നീട് ചലച്ചിത്രത്തിന്റെ കേന്ദ്രം. റോജര്‍ പരിചാരികയെ കാണാന്‍ നിരന്തരം അവിടെ എത്തുന്നു. അയാള്‍ അവരെ പുറത്തുള്ള ഭക്ഷണശാലകളില്‍ കൊണ്ടുപോവുകയും കരുതലോടെ ശുശ്രൂഷിക്കുകയും ചെയ്യന്നു. കുഞ്ഞുനാള്‍ മുതല്‍ അവരുടെ പരിചരണത്തിലാണ് റോജര്‍ വളര്‍ന്നത്. റോജറിന്റെ വരവ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ മറ്റുള്ളവരെ പരിചരിച്ചതിന്റെ ശീലം കൊണ്ടോ അനുഭവം കൊണ്ടോ പരിചരിക്കപ്പെടുന്നതില്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ട്. പ്രസന്നതയില്ലാത്ത ഇടമായി ആ വൃദ്ധസദനം നമുക്ക് ആദ്യം അനുഭവപ്പെടും. ഒഴിഞ്ഞ കണ്ണുകളുമായി ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന വാര്‍ദ്ധക്യങ്ങള്‍. നല്ല പരിചരണം കിട്ടുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ ഒറ്റപ്പെടലും വേദനയും മെല്ലെ അവരെയും ബാധിച്ചുതുടങ്ങുന്നു.

ഒരു പരാതിയും പറയാത്ത ജീവിതമാണ് ആ താവോയുടേത്. ഈ വേഷം അഭിനയിച്ചതിന് അനേകം പുരസ്‌കാരങ്ങള്‍ ദീനി ഈപ്പ് എന്ന അഭിനേത്രിക്കു കിട്ടി. സ്‌നേഹവും മനുഷ്യത്വവും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി അനായാസം മാറാന്‍ ഈ നടിക്കു കഴിഞ്ഞു. സൗന്ദര്യവും സൗശീല്യവും ധ്വനിപ്പിക്കുന്ന ഭാവങ്ങളാണ് ദീനി ഇപ്പിന്റേത്.

റോജറും പരിചാരികയും തമ്മിലുള്ള ബന്ധം വിഷാദം നിറഞ്ഞു നില്‍ക്കുന്ന ന്യൂനോക്തിയിലാണു സിനിമ സംവദിക്കുന്നത്. സിനിമാവ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന റോജര്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രാകൃതനായിട്ടാണ് നമ്മുടെ മുന്നില്‍ വരുന്നത്. മെല്ലെ, റോജറിന് പരിചാരികയോടും അവര്‍ക്കു തിരിച്ചുമുള്ള ബന്ധത്തിന്റെ ഊഷ്മളഭാവം പ്രേക്ഷകര്‍ക്ക് പിടികിട്ടിത്തുടങ്ങും. തിരക്കേറിയ ആ ആള്‍ക്കൂട്ടനഗരത്തില്‍ ഒറ്റപ്പെട്ട രണ്ടു മനുഷ്യരായി അവരെ നമ്മള്‍ കാണുന്നു. രണ്ടുപേര്‍ക്കും കുടുംബമോ ബന്ധുക്കളോ ഇല്ല. സമൂഹവുമായി ബന്ധമുള്ളജീവിതം പോലെ എന്തോ ഒന്ന് പരിചാരികയ്ക്കു വൃദ്ധസദനത്തില്‍ കിട്ടുന്നുണ്ട്. പരിചയക്കാരെ കണ്ടുകണ്ടു നീങ്ങുന്ന റോജറിനും താന്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടവനാണ് എന്നറിയാം.

ശുദ്ധിയുള്ള ഛായപ്പലകയില്‍ ഹേമന്തത്തിന്റെ നിറങ്ങള്‍ ചാലിച്ചാണ് ചലച്ചിത്രം എഴുതിയിരിക്കുന്നത്. വൃദ്ധസദനത്തിനുള്ളിലെ രംഗങ്ങള്‍ തീക്ഷ്്ണമായ ഫ്‌ളൂറസെന്റ് വെളിച്ചത്തില്‍ ചിത്രീകരിച്ചത് അന്തേവാസികളുടെ ഒറ്റപ്പെടലിന്റെ ആഴം ധ്വനിപ്പിക്കുന്നു. ഫ്രെയിമില്‍ പലപ്പോഴും റോജര്‍ ഒറ്റയ്ക്കാണ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക്, വിമാനത്താവളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കസേരകളിലൊന്നില്‍ ഒറ്റയ്ക്ക്. സംവിധായകന്‍ ഒറ്റപ്പെടലിനെ ധ്വനിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. വൃദ്ധസനത്തിലെ അകംരംഗങ്ങള്‍ ലോ ആങ്കിളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നരച്ച സീലിംഗുകളുടെ പശ്ചാത്തലത്തില്‍ ആഴമില്ലാത്ത ദൃശ്യങ്ങളിലാണ് അന്തേവാസികള്‍ പുലരുന്നത്. അവരുടെ ലോകം അവര്‍ക്കും ചുറ്റും ഇറുകി വരുന്നതായി നമുക്ക് തോന്നുന്നത് ചിത്രീകരണത്തിന്റെ പ്രത്യേകതയിലൂടെയാണ്. സംവിധായികയുടെ ഈ കലാദര്‍ശനം കഥാപാത്രങ്ങളുടെ ഊഷ്മളമായ പെരുമാറ്റങ്ങള്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അതു ത്രസിപ്പിക്കുന്ന ദൃശ്യാനുഭവമായി മാറുന്നു.

പോറ്റമ്മയും മകനും തമ്മിലുള്ള ബന്ധവും ഒറ്റപ്പെടലും അവരുടെ പരസ്പരാശ്രയത്വവുമാണ് സിനിമയുടെ പ്രമേയം. പ്രായമായവരെ അവഗണിക്കുകയും മറക്കുകയും ചെയ്യുന്ന അതിനാടകീയമായ ഒരു കുടുംബകഥയായിരുന്നു ഇതെങ്കില്‍ അതിന്റെ ഗതി നമുക്കു പ്രവചിക്കാവുന്നതാകുമായിരുന്നു. വൃദ്ധ ഓര്‍ക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നതാണ് ഈ കഥയെ ഹൃദയസ്പര്‍ശിയാക്കുന്ന ഘടകം.

ഇന്ത്യക്കാരായ കാണികളെ സിനിമ ശക്തിയോടെ സ്വാധീനിക്കും. ജന്മിത്വപാരമ്പര്യവും അതിന്റെ ശേഷിപ്പുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വീട്ടുവേലക്കാരോടുള്ള പെരുമാറ്റം പുതിയ കാലത്തും മുന്‍വിധികള്‍ നിറഞ്ഞതാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ അമ്മയും മകനും അല്ലെങ്കിലും അവരുടെ ബന്ധത്തിലെ ഊഷ്മളതയും മാനുഷികതയും സിനിമയുടെ അവിസ്മരണീയമാക്കുന്നു. സത്യജിത്‌റേയുടെ സിനിമകള്‍ കാണുമ്പോള്‍ നമ്മള്‍ ഒരു കഥ പറയുന്നതു കേള്‍ക്കാറില്ലേ? ഒരു പറ്റം മനുഷ്യരോടൊപ്പം ജീവിക്കുന്നതായി തോന്നാറില്ലേ? സമാനമായ ഒരു ദൃശ്യാനുഭവം ഈ സിനിമയും പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നുണ്ട്.

വാര്‍ധക്യവും ഏകാന്തതയും കുടുംബബന്ധങ്ങളും പറയുന്ന സിനിമയില്‍ ഭക്ഷണത്തിനും സ്ഥാനമുണ്ട്. ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലുള്ള ഉപാധിയായി ഭക്ഷണം മാറുന്നു. പാചകത്തിന്റെ രംഗങ്ങള്‍, ഭക്ഷണം പങ്കുവക്കല്‍, വൃദ്ധസദനത്തിലെ ആഹാരത്തിന്റെ രുചിയില്ലായ്മ. ഇത്തരത്തില്‍ വിടരുന്ന സിനിമയില്‍ ചടുലമായ മാറ്റങ്ങളോ കഥയുടെ ഗതിമാറ്റങ്ങളോ ഇല്ല. വാര്‍ദ്ധക്യത്തില്‍ ശരീരത്തിന് സംഭവിക്കുന്ന വീഴ്ചകളെപ്പറ്റിയാണ് സിനിമ എന്ന് ലളിതമായി പറയാം. ശരിക്കും ലളിതമായ ഒരു ജീവിതം. എന്നാല്‍ ആ കുടുംബബന്ധത്തെ ഓരോ പാളികളായി അടര്‍ത്തി, അവിടെ ഒഴുകുന്ന സ്‌നേഹനദികളെപ്പറ്റി വലിയ ഉള്‍ക്കാഴ്ചകള്‍ ചിത്രം നല്‍കുന്നു. അതി വൈകാരികതയില്‍ വീണുപോകാതെ ശുദ്ധിയുള്ള വികാരം തെളിയിച്ചെടുക്കാന്‍ സംവിധായികയ്ക്ക് കഴിയുന്നു.

സമകാല സമൂഹത്തില്‍ മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നുവെന്നതിനെ കുറിച്ചും എങ്ങനെ മരിക്കുന്നു എന്നതിനെ കുറിച്ചും ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട് സിനിമയില്‍. ഹോങ്കോങ്ങിലെ പ്രശസ്തയായ സംവിധായികയാണ് ആന്‍ ഹൂയ്. സ്ത്രീപക്ഷ ചലച്ചിത്രകാരിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആന്‍ ഹൂയ്, ഒരു സ്ത്രീയായി ജീവിച്ചിരുന്നതിന്റെ തൃപ്തി തന്നെ ധാരാളമാണ് എന്നു പറയുന്നുണ്ട്.

 

27-Jul-2014

കാഴ്ച മുന്‍ലക്കങ്ങളില്‍

More