സിനിമകള്‍ തീരുന്നില്ല, കാണികളും

മറുനാട്ടുകാരനായ ഒരു കാണി, സിനിമയുടെ കഥയിലൂടെ മാത്രമല്ല സഞ്ചരിക്കുന്നത്. കഥയോടൊപ്പമോ ചിലപ്പോ കഥയെത്തന്നെ ഉപേക്ഷിച്ചുകൊണ്ട് ക്യാമറ ഒപ്പിയെടുത്ത ഫ്രെയിമുകളിലൂടെ സമാന്തരമായ വിഭിന്നയാത്രകള്‍ അയാള്‍ നടത്തിയേക്കാം. സംവിധായകനോ, നടീനടന്മാരോ, സാങ്കേതിക വിദഗ്ധരോ നല്‍കുന്നതോ പ്രതീക്ഷിക്കുന്നതോ മാത്രമാകണമെന്നില്ല. കാണിയുടെ സിനിമ. അതുകൊണ്ടാവാം സിനിമയുടെ പേരും സംവിധായകനും നടീനടന്മാരുമൊക്കെ മാഞ്ഞുപോയിട്ടും ചിലവഴിത്താരകളും, കടല്‍ത്തീരങ്ങളും, ഇളകുന്ന തോണികളും, ആകാശങ്ങളും, മരങ്ങളും, അതില്‍ കുതറുന്ന കാറ്റും, പാലായനം ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളുമൊക്കെ ഇടകലര്‍ന്നും കലരാതെയും ഉള്ളില്‍ തെളിഞ്ഞുകിടക്കുന്നത്. ഓരോ സിനിമയും കാലാന്തരത്തില്‍ എന്താണുളളില്‍ സ്ഥായിയായി അവശേഷിപ്പിക്കുകയെന്ന് പറയാന്‍പോയിട്ട് ഊഹിക്കാന്‍പോലും കഴിയില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട മജീദ് മജീദിയുടെ 'ബറാന്‍' എന്ന സിനിമയിലെ ചില സീനുകളെങ്കിലും മനസ്സുവെച്ചാല്‍ ഓര്‍ത്തെടുക്കാമെങ്കിലും, മനസ്സു വെയ്ക്കാതെ തന്നെ ചോദ്യവും പറച്ചിലുമില്ലാതെ ജീവിതത്തെ ഭൂമിയോട് ചേര്‍ത്തുവെക്കുന്ന ഒരു വാചകമുണ്ട് ബറാനില്‍. അതേതാണ്ട്് ഇങ്ങനെയാണ്. ആരോരുമില്ലാത്തവരുടെ അയല്‍ക്കാരനാണ് ദൈവം.

2002 ലെ ഏഴാമത്തെ ഫെസ്റ്റിവല്‍ മുതല്‍ക്കാണ് ഞാന്‍ ഐ.എഫ്.എഫ്.കെ യില്‍ സജീവമായി പങ്കെടുത്തു തുടങ്ങുന്നത്. അതിനുമുമ്പുള്ള എന്റെ ലോകസിനിമാനുഭവം ചാര്‍ളിചാപ്‌ളിന്‍, ലൂയിബുനുവല്‍ തുടങ്ങിയവരുടെ ചില സിനിമകളിലും, ക്ലൂഷോവിന്റെ വേജസ് ഓഫ് ഫിയറിലും ട്രാന്‍ ആങ്ങ് ഹങ്ങിന്റെ സെന്റ് ഓഫ് ഗ്രീന്‍ പപ്പായ യിലും ഇമാമുറയുടെ ബാലഡ് ഓഫ് നരയാമയിലും ഒതുങ്ങിയിരിക്കുന്നു.

നമ്മളെന്തെങ്കിലും ചെയ്താലും ഇല്ലെങ്കിലും ഇടയ്ക്കിടെ ജീവിതത്തിലേയ്ക്ക് നിപതിക്കുന്ന ചെറുതും വലുതുമായ 'ദുരന്തങ്ങ'ളൊഴിച്ചാല്‍ പൊതുവെ തിരയിളക്കം കുറഞ്ഞ എന്റെ ജീവിതത്തിലുണ്ടാകുന്ന നിറപ്പകിട്ടാണ് ഈ ഡിസംബര്‍ കാര്‍ണിവല്‍. വര്‍ഷം മുഴുവന്‍ കാത്തുകാത്തുവെച്ച രണ്ടോ മൂന്നോ കാഷ്വല്‍ ലീവുകള്‍ രണ്ടാം ശനിയാഴ്ചയോടും ഞായറാഴ്ചയോടും ചേര്‍ത്തെടുത്ത് ഏങ്ങനേലും തിരുവനന്തപുരത്ത് എത്തുന്നതുവരെ ഒപ്പമുണ്ടാകും സംഭവം നടക്കുമോ എന്നുള്ള ആധിയും ആകാംക്ഷയും.

കഴിയുമെങ്കില്‍ ദിവസവും അഞ്ചുസിനിമകള്‍ കാണുകയെന്നതാണ് എന്റെയൊരു രീതി. പത്തുപതിനഞ്ച് സിനിമകള്‍ കാണുന്നതോടെ തെല്ലൊരടക്കം വരും. അതുനടക്കാതെ വന്നാല്‍ വല്ലാത്തൊരു നിരാശയാണ്. സിനിമ മുടക്കിയിട്ട് കൂട്ടുകാരോടൊത്ത് പടവുകളിലിരിക്കല്‍, കള്ളുകൂടി, ഓപ്പണ്‍ ഫോറം തുടങ്ങിയ 'ഫില്ലറു'കള്‍ ഞാന്‍ കഴിവതും ഒഴിവാക്കാറാണ് പതിവ്. എന്നാലും പ്രിയപ്പെട്ടവര്‍ക്കായി ചിലപ്പോഴെങ്കിലും അരമനസ്സോടെ ഞാനതിനൊക്കെ വഴിപ്പെട്ടിട്ടുണ്ട്. സിനിമകള്‍ പോലെതന്നെ പ്രിയപ്പെട്ടവരാണല്ലോ വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണുന്ന പല സുഹൃത്തുക്കളും. പ്രത്യേകിച്ചും എഴുത്തുകാരായ സുഹൃത്തുക്കള്‍. വായനയിലൂടെയും കത്തുകളിലൂടെയും അറിഞ്ഞവരില്‍ പലരേയും, ഫോണുകളിലൂടെ കേട്ടവരില്‍ പലരേയും നേരില്‍ കാണാനും അവരുമായി അടുപ്പം കൂട്ടാനും, പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഫെസ്റ്റിവല്‍ ഒരുക്കുന്ന അവസരങ്ങളെക്കുറിച്ച് എടുത്തുപറയേണ്ടതില്ലല്ലോ.

മറുനാട്ടുകാരനായ ഒരു കാണി, സിനിമയുടെ കഥയിലൂടെ മാത്രമല്ല സഞ്ചരിക്കുന്നത്. കഥയോടൊപ്പമോ ചിലപ്പോ കഥയെത്തന്നെ ഉപേക്ഷിച്ചുകൊണ്ട് ക്യാമറ ഒപ്പിയെടുത്ത ഫ്രെയിമുകളിലൂടെ സമാന്തരമായ വിഭിന്നയാത്രകള്‍ അയാള്‍ നടത്തിയേക്കാം. സംവിധായകനോ, നടീനടന്മാരോ, സാങ്കേതിക വിദഗ്ധരോ നല്‍കുന്നതോ പ്രതീക്ഷിക്കുന്നതോ മാത്രമാകണമെന്നില്ല. കാണിയുടെ സിനിമ. അതുകൊണ്ടാവാം സിനിമയുടെ പേരും സംവിധായകനും നടീനടന്മാരുമൊക്കെ മാഞ്ഞുപോയിട്ടും ചിലവഴിത്താരകളും, കടല്‍ത്തീരങ്ങളും, ഇളകുന്ന തോണികളും, ആകാശങ്ങളും, മരങ്ങളും, അതില്‍ കുതറുന്ന കാറ്റും, പാലായനം ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളുമൊക്കെ ഇടകലര്‍ന്നും കലരാതെയും ഉള്ളില്‍ തെളിഞ്ഞുകിടക്കുന്നത്. ഓരോ സിനിമയും കാലാന്തരത്തില്‍ എന്താണുളളില്‍ സ്ഥായിയായി അവശേഷിപ്പിക്കുകയെന്ന് പറയാന്‍പോയിട്ട് ഊഹിക്കാന്‍പോലും കഴിയില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട മജീദ് മജീദിയുടെ 'ബറാന്‍' എന്ന സിനിമയിലെ ചില സീനുകളെങ്കിലും മനസ്സുവെച്ചാല്‍ ഓര്‍ത്തെടുക്കാമെങ്കിലും, മനസ്സു വെയ്ക്കാതെ തന്നെ ചോദ്യവും പറച്ചിലുമില്ലാതെ ജീവിതത്തെ ഭൂമിയോട് ചേര്‍ത്തുവെക്കുന്ന ഒരു വാചകമുണ്ട് ബറാനില്‍. അതേതാണ്ട്് ഇങ്ങനെയാണ്. ആരോരുമില്ലാത്തവരുടെ അയല്‍ക്കാരനാണ് ദൈവം.

കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളിലായി മുഴുവനായും ഭാഗീകമായും എത്ര സിനിമകള്‍ കണ്ടുവെന്നറിയില്ല. എങ്ങനെപോയാലും കുറഞ്ഞത് ഒരിരുനൂറെണ്ണമെങ്കിലും കണ്ടിട്ടുണ്ടാവും. ഇതില്‍ കുറെയെണ്ണമെങ്കിലും മറവിയുടെ വലക്കണ്ണിയിലൂടെ ഊര്‍ന്നുപോകാതെ മനസ്സില്‍ തെളിഞ്ഞും മങ്ങിയും കിടപ്പുണ്ട്. അവയെല്ലാം എനിക്ക് ഇഷ്ടപ്പെട്ട മികച്ച സിനിമകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവ ആയിക്കൊള്ളണമെന്നില്ല. ഏതൊക്കെയോ കാരണങ്ങളാല്‍ ചില സിനിമകള്‍, അല്ലെങ്കില്‍ സിനിമാശകലങ്ങള്‍, സന്ദര്‍ഭങ്ങള്‍, ദൃശ്യങ്ങള്‍, ഡയലോഗുകള്‍, സംഗീതം ഒക്കെ കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകാതെ ഉള്ളില്‍ തറഞ്ഞുനില്‍ക്കുന്നു. എല്ലാത്തിനും എന്തെങ്കിലും കാരണം വേണമെന്നില്ലല്ലോ. മജീദിയുടെ ബറാനും വാങ്ങ് ഷാവോയുടെ 'ഓര്‍ഫന്‍ ഓഫ് അന്യാങ്ങു'മാണ് 2002 ലെ ഫെസ്റ്റിവലില്‍ നിന്ന് പുറപ്പെട്ട് ഇപ്പോഴും എന്നോടൊപ്പം സഞ്ചരിക്കുന്ന രണ്ടുസിനിമകള്‍. ലൈംഗികത്തൊഴിലാളിയായ സ്ത്രീയുടെ കൈക്കുഞ്ഞിന്റെ സംരക്ഷണച്ചുമതല തികച്ചും ആകസ്മികമായ സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടിവന്ന അന്യാങ്ങ് നഗരത്തിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ പാലായനങ്ങളും അതിജീവനവും ചിത്രീകരിച്ച ഈ സിനിമയ്ക്കായിരുന്നു അക്കൊല്ലത്തെ സുവര്‍ണ്ണ ചകോരം.

കാണാതായ പിതാവിനെ തിരഞ്ഞുപുറപ്പെടുന്ന രണ്ട് ആണ്‍കുട്ടികളുടെ കഥ പറയുന്ന മഹമ്മദ് സാലെ ഹാറൂണിന്റെ 'അബോണ'യായിരുന്ന 2003 ലെ എന്റെ ഇഷ്ടസിനിമകളിലൊന്ന്. അവിചാരിതമായി തങ്ങള്‍ കാണുന്ന ഒരു സിനിമയില്‍ തങ്ങളുടെ പിതാവിന്റെ രൂപസാദൃശ്യമുള്ള ഒരു നടനെ കണ്ടതിനെ തുടര്‍ന്ന് രാത്രിയില്‍ കൊട്ടകയില്‍ രഹസ്യമായി കയറി പെട്ടി തുറന്ന് ഫിലിം ചുരുളുകള്‍ പരിശോധിക്കുന്ന കുട്ടികളുടെ കാഴ്ച ഒരു കാലത്തും മറക്കാവുന്നതല്ല. ബിയോള തക് ബെര്‍ദവായി എന്ന ഇന്തോനേഷ്യന്‍ സംവിധായകയുടെ 'സ്ട്രിംഗ്‌ലെസ് വയലിന്‍', മരിയോ ജെ ഡെലോസ് റിവ്‌സ് ന്റെ 'മാഗ്നിഫിഷ്യോ' എന്ന ഫിലിപ്പെന്‍സ് ചിത്രം, ഹൂമേയിയുടെ 'ഓണ്‍ ദ അദര്‍ സൈഡ് ഓഫ് ദ ബ്രിഡ്ജ്' എന്നിവയായിരുന്നു ഇതര പ്രിയചിത്രങ്ങള്‍.

നവ ജര്‍മ്മന്‍ സിനിമയുടെ വക്താക്കളില്‍ പ്രധാനിയായ വെര്‍ണര്‍ ഹെര്‍സോഗിന്റെ 'കോബ്ര വെര്‍ദി'യായിരുന്നു എന്നെ കടപുഴക്കിയ 2004 ലെ ഒരു സിനിമ. ഹെര്‍സോഗിന്റെ പ്രിയനടനായ ക്ലോസ് കിന്‍സ്‌കി അടിമവ്യാപാരിയായി വേഷമിട്ട ഈ സിനിമ കണ്ട് കാഴ്ചശീലങ്ങളില്‍ ആഴത്തില്‍ മുറിവേറ്റ ഒരാളാണ് ഞാന്‍. ഷെന്‍ വെന്‍ ഷെങ്ങ് സംവിധാനം ചെയ്ത 'എന്‍ഡ്‌ലെസ് വെ' ആയിരുന്നു പ്രസ്തുത വര്‍ഷം എന്റെയുള്ളില്‍ കടന്നുകൂടിയ മറ്റൊരു ചിത്രം. ആഴമേറിയ അപകടകരമായ ചെങ്കുത്തായ കിണറിന്റെ വഴുക്കുന്ന കുത്തുകല്ലുകളിറങ്ങി, വലിയ കുട്ടകങ്ങളില്‍ വെള്ളം നിറച്ച് തലച്ചുമടായി തിരികെ കയറിപ്പോകുന്ന സ്ത്രീകളുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.

2005 ലാണ് കിം കി ഡുക് എന്ന ചലച്ചിത്രകാരന്‍ മേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. തുടര്‍വര്‍ഷങ്ങളില്‍ നേരിട്ടെത്തിയും സിനിമകളിലൂടെയും അദ്ദേഹം മലയാള സിനിമാ മനസ്സുകളില്‍ വേരുറപ്പിക്കുന്നതാണ് നമ്മള്‍ കണ്ടത്. വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ വിഷയങ്ങള്‍ സ്വീകരിച്ച് മറ്റാരും സഞ്ചരിക്കാത്ത ഇടങ്ങളിലൂടെ മനസ്സിനെയും ക്യാമറയെയും ചലിപ്പിച്ച കിം കി ഡുക്കിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ സ്പ്രിംഗ്, ത്രീ അയണ്‍, സമാരിറ്റന്‍ ഗേള്‍, ദി കോസ്റ്റ് ഗാഡ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ കാഴ്ചയില്‍ മാത്രമല്ല കാഴ്ചപ്പാടിലും മനോവ്യാപാരങ്ങളിലും സര്‍ഗ്ഗാത്മകമായ അലോസരങ്ങള്‍ സൃഷ്ടിച്ചു. അക്കൊല്ലം കിം കി ഡുക്കില്‍ മുങ്ങിപ്പോയി എന്നുവേണമെങ്കില്‍ പറയാവുന്നതാണ്. 2006 ലെ എന്റെ പ്രിയചിത്രങ്ങള്‍ ഫ്രാന്‍സിസ്‌കോ വര്‍ഗാസിന്റെ ദി വയലിനും, മരിയോണ്‍ ഹാന്‍െലിന്റെ സൗണ്ട്‌സ് ഓഫ് സാന്‍ഡും ആയിരുന്നു. ചോര പനിക്കുന്ന ബാന്‍ഡേജിട്ട മുറിയന്‍ വിരലുകളാല്‍ ഇച്ഛാശക്തിയുടെ വയലിന്‍ വായിച്ചുകൊണ്ട് പ്രതിരോധത്തിന്റെ നാളത്തെ കാട്ടുതീയായ് പടര്‍ത്തുന്ന വയലിനിലെ ആ അപ്പൂപ്പനെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. വെടി കൊള്ളുന്നതിനുമുമ്പ് നെഞ്ച് പൊത്തി അപ്പനേയും അതുവഴി നമ്മളെയും ഉറ്റുനോക്കുന്ന സൗണ്ട്‌സ് ഓഫ് സാന്‍ഡിലെ മൂന്ന് കറുത്ത കുട്ടികളില്‍ ഒരുവനേയും മറന്നിട്ടില്ല. കുടിനീര്‍ തേടിയുള്ള ആ സിനിമകണ്ട് വരണ്ട തൊണ്ടകള്‍ നിരവധിയാണ്.

സൗത്ത് ആഫ്രിക്കന്‍ പാക്കേജില്‍ ഉള്‍പ്പെട്ട ഡാരെല്‍ ജയിംസ് റൂഡ്ത്തിന്റെ സറഫിന യും യെസ്റ്റര്‍ഡേ യുമായിരുന്നു മറ്റു രണ്ടു പ്രിയ ചിത്രങ്ങള്‍. ഗായിക കൂടിയായ ലെലെതി ഖുമാല എന്ന നടിയുടെ അസാമാന്യ അഭിനയത്താല്‍ അനന്യമായിരുന്നു ഈ രണ്ടു സിനിമകളും.

ഇങ്ങനെ എത്രയോ സിനിമകള്‍. എല്ലാത്തിനേയും കുറിച്ച് എന്തെങ്കിലുമെഴുതാന്‍ സ്ഥലപരിമിധി അനുവദിക്കുന്നില്ല. ആകയാല്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും കണ്ട ഇഷ്ടചിത്രങ്ങളുടെ പേരുകള്‍ ചേര്‍ക്കാം. അര്‍ജന്റീനിയന്‍ സംവിധായകനായ ലൂസിയ പ്യൂന്‍സോയുടെ എക്‌സ് എക്‌സ് വൈ ആയിരുന്നു 2007 ല്‍ എന്റെ മനം കവര്‍ന്ന ചിത്രം. ശാരീരികാവസ്ഥകളുമായി സാധാരണഗതിയില്‍ പൊരുത്തപ്പെടാത്ത ലൈംഗികാമുഖ്യം പുലര്‍ത്തുന്ന പതിനാലുകാരിയുടെ (അതോ കാരനോ) അവളുടെ അച്ഛന്റെയും സങ്കീര്‍ണ്ണമായ സാമൂഹ്യ ജീവിതമായിരുന്നു എക്‌സ് എക്‌സ് വൈയുടെ പ്രമേയം. കിംകി ഡുക്കിന്റെ ടൈം ആയിരുന്നു അക്കൊല്ലത്തെ മറ്റൊരു ശ്രദ്ധേയ സിനിമ. 2008 ലെ എന്നെ മുഴുവനായി വിഴുങ്ങിയത് നൂറി ബില്‍ഗെ സെയ്‌ലാന്റെ 'ത്രീ മങ്കീസ്' ആയിരുന്നു. സദാചാര ജീവിതവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ ഉലച്ചുകളഞ്ഞ ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം വളരെക്കാലം എന്റെ ഉറക്കം കെടുത്തിക്കളഞ്ഞു. 2009 ലെ മേളയില്‍ നിന്ന് കൂടെപ്പോന്ന ചിത്രം കിം കി ഡുക്കിന്റെ 'ഡ്രീം' ആണ്.

സോട്ടിഗുയി കൊയാതെ എന്ന മുതിര്‍ന്ന അള്‍ജീരിയന്‍ നടന്റെ മൗലിക അഭിനയപാടവത്താല്‍ ശ്രദ്ധേയമായ 'ലണ്ടന്‍ റിവര്‍', 'ലിറ്റില്‍ സെനഗല്‍' എന്നീ സിനിമകളാണ് 2010 ല്‍ എന്നെയാകര്‍ഷിച്ചത്. റാച്ചിഡ് ബൗച്ചാരെബ് ആയിരുന്നു ഇരു സിനിമകളുടെയും സംവിധായകന്‍. രാജാ അമരിയുടെ 'ബറീഡ് സീക്രട്ടും' ഇടയ്ക്കിടെ ഓര്‍മ്മയില്‍ തികട്ടിവരാറുള്ള സിനിമയാണ്. 2011 ലെ ഓര്‍മ്മകള്‍ അപ്പാടെ പാബ്‌ളോ പെരല്‍മാന്‍ ന്റെ 'പെയിന്റിംഗ് ലെസ്പണ്‍' എഴുതിവാങ്ങുകയായിരുന്നു. ഭരണകൂടത്തിന്റെ ആണിക്കല്ലിനെ വിറപ്പിച്ച ആ കുഞ്ഞുചിത്രകാരന്റെ അന്ത്യം ഒരു നടുക്കത്തോടുകൂടിയല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല. 2012 ല്‍ ഞാന്‍ നെഞ്ചോടു ചേര്‍ത്തത് ലൂക്കാ കാരിരാസിന്റെ 'നോസ് വെമോസ് പപ്പ' എന്ന മെക്‌സിക്കന്‍ സിനിമയും, ഇമ്മാനുവല്‍ ക്വിന്‍ദോ പാലോ യുടെ 'സ്റ്റാനിന' എന്ന ഫിലിപ്പെന്‍സ് ചിത്രവുമായിരുന്നു. ദീപാ മേത്തയുടെ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രനും' കാഴ്ചയില്‍ ഇളക്കങ്ങളുണ്ടാക്കിയ സിനിമയായിരുന്നു. 'ഫാന്‍ഡ്രി', 'ദി റോക്കറ്റ്', 'ടെലിവിഷന്‍' എന്നിവയായിരുന്നു 2013 ലെ എന്റെ സിനിമകള്‍. നാഗരാജ് മഞ്ജുള സംവിധാനം ചെയ്ത ഫാന്‍ഡ്രി ദേശീയ സ്‌നേഹം അസ്ഥാനത്ത് പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജീവിതങ്ങളുടെ ചിത്രീകരണത്തിലൂടെ ഇന്ത്യയിലെ ദലിതരുടെ സവിശേഷാനുഭവമാണ് വെളിപ്പെടുത്തിയത്. ജീവിതകാലം മുഴുവന്‍ പാലായനം ചെയ്യേണ്ടിവരുന്ന ഗോത്രസമൂഹത്തില്‍പ്പെട്ട ആഹ്‌ളോ എന്ന പത്തുവയസ്സുകാരന്റെ ജീവിതത്തോടുള്ള അതുല്യമായ അഭിനിവേശത്തെ തന്മയത്വത്തോടെ പകര്‍ത്തിയ സിനിമയായിരുന്നു കിം മോര്‍ഡാന്റെ 'ദി റോക്കറ്റ്.' ആക്ഷേപഹാസ്യത്തിന്റെ മുനകളും പ്രണയത്തിന്റെ തരളഭാവങ്ങളും മനുഷ്യജീവിതത്തിന്റെ സാധാരണവും ആകസ്മികവുമായ കയറ്റിറക്കങ്ങളോട് രസകരമായി സന്നിവേശിപ്പിച്ച സിനിമയായിരുന്നു സര്‍വര്‍ ഫറൂക്കിയുടെ ടെലിവിഷന്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും പക്ഷപാതങ്ങളും വിധ്വംസകതകളും പ്രശ്‌നവല്‍ക്കരിച്ച ചൈതന്യ താംഹാനെ യുടെ കോര്‍ട്ട് എന്ന മറാത്തിസിനിമക്കൊപ്പമായിരുന്നു കഴിഞ്ഞവര്‍ഷം ഞാന്‍. ജൂലി ജംഗിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍' എന്ന കൊറിയന്‍ സിനിമയും, ഡിയഗോ ലെര്‍മാന്‍ ന്റെ സ്പാനിഷ് ചിത്രമായ റെഫ്യൂജിയാദോയും എനിക്ക് പ്രിയപ്പെട്ടവയായി. സിനിമകള്‍ തീരുന്നില്ല; കാണികളും. ഓരോ കാലത്തിനും അതിന്റേതായ സിനിമകള്‍ വേണം; അതിന്റേതായ കാണികളും. ആ 'മഹാസംവിധായകന്‍' അനുവദിച്ചാല്‍ കാണികളില്‍ ഒരാളായി ഞാന്‍ ഇത്തവണയും ഉണ്ടാകും.

 

14-Dec-2015

കാഴ്ച മുന്‍ലക്കങ്ങളില്‍

More