ദൃശ്യപാഠം
പ്രീജിത്ത് രാജ്
പി സി ജോര്‍ജ്ജ് യു ഡി എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണ്. ക്യാബിനറ്റ് പദവി. കുപ്രസിദ്ധനായ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. രാഷ്ട്രീയത്തെ മലീമസമാക്കുന്ന ശൈലിയുടെ വക്താവ്. പി സി ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിക്കെതിരെ തിരിയുമ്പോള്‍ നല്ലതാവുന്നതല്ല ഇയാളുടെ രാഷ്ട്രീയം. കാരണം, ഉമ്മന്‍ചാണ്ടിയെ പാമോലിന്‍ കേസില്‍ നിന്ന് രക്ഷിക്കാന്‍ ജഡ്ജിയെ ചീത്ത വിളിച്ച പുമാനാണ് ജോര്‍ജ്ജ്. താന്‍ മനസില്‍ ഉദ്ദേശിച്ച കാര്യം പ്രാപ്തമാക്കാന്‍ എന്തും ചെയ്യും. ചാനലില്‍ സജീവമാകാന്‍ എന്തും പറയും.
പി സി ജോര്‍ജ്ജിന് പകരം വേറെ യു ഡി എഫിലെ വേറെ ആരെങ്കിലുമാണ് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ന് മുന്നണിക്കകത്ത് കാണുമായിരുന്നില്ല. ജോര്‍ജ്ജിനോട് മുഖ്യമന്ത്രി പോലും ഇതുവരെ മുഖം കറുത്ത് ഒന്നും പറഞ്ഞിട്ടില്ല. കാരണം ജോര്‍ജ്ജിനെ വെറുപ്പിച്ചാല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്തുവരും. സെല്‍വരാജിനെ എല്‍ ഡി എഫില്‍ നിന്നും റാഞ്ചാന്‍ നടത്തിയ നീക്കങ്ങളുടെ വിശദാംശങ്ങള്‍, സെല്‍വരാജിന് കൊടുത്ത കോടികളുടെ സ്രോതസ്, സരിതയും ചാണ്ടി ഉമ്മനും തമ്മിലുള്ള ബന്ധം, സലിംരാജും മറിയ ഉമ്മനും തമ്മിലുള്ള ബന്ധം, നെല്ലിയാമ്പതിയില്‍ മാണി എടുത്ത നിലപാട്, വാങ്ങിയ കോഴയുടെ വിശദാംശം, കുഞ്ഞാലിക്കുട്ടിയും ചില ജഡ്ജിമാരുമായുള്ള ബന്ധത്തിന്റെ അവിശുദ്ധത... ഒരുപാട് കാര്യങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊഴുകി വരും. അതിനാല്‍ ജോര്‍ജ്ജിനെ യു ഡി എഫിന് വല്ലാത്ത പേടിയാണ്.
ജോര്‍ജ്ജ് സോണിയ ഗാന്ധിക്ക് കത്തെഴുതി എന്നതാണ് പുതിയ വൃത്താന്തം. ഇംഗ്ലീഷില്‍ എഴുതിയ കത്ത് സോണിയക്ക് കിട്ടിയോ, അയച്ചോ എന്നതൊന്നും വാര്‍ത്തകളില്‍ സ്ഥിരീകരിക്കപ്പെടുന്നില്ല. എഴുതിയ കത്ത് എന്ന് മാത്രമേ പറയുന്നുള്ളു. സോണിയക്ക് എഴുതിയ കത്ത് പുറത്ത് വന്ന ദിവസം ജോര്‍ജ്ജും മുഖ്യമന്തിയും മാണിയും കുഞ്ഞാലിക്കുട്ടിയും കൂടി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. ആ ദിവസം തന്നെയാണ് നെല്ലിയാമ്പതി കേസ് കോടതി പരിഗണിച്ചത്. അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എന്തൊക്കെ കാര്യങ്ങളാണ് ധാരണയായിട്ടുണ്ടാവുക? എത്ര കോടി രൂപയാണ് ജോര്‍ജ്ജിന് ഓഫര്‍ ചെയ്തിട്ടുണ്ടാവുക? ഏതായാലും അന്ന് രാത്രി കത്തിലെഴുതിയ കാര്യങ്ങള്‍ പിന്‍വലിക്കുന്നു എന്ന് പറയും പോലെയാണ് ജോര്‍ജ്ജ് പ്രതികരിച്ചത്.
പി സി ജോര്‍ജ്ജിന്റെ കത്ത് അന്വേഷണ ഏജന്‍സി കണ്ടെടുക്കണം. സോണിയയോട് പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങള്‍ തേടണം. അങ്ങനെയെങ്കില്‍ ചീഫ് വിപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പുറത്തേക്ക് പോവാന്‍ വഴിയൊരുങ്ങും. ചീഫ് വിപ്പിന് റെക്കാര്‍ഡ്ബുക്കില്‍ സ്ഥാനം പിടിക്കുകയും ആവാം. അങ്ങനെ ലോകം എന്നും പി സി ജോര്‍ജ്ജിനെ ഓര്‍ക്കും. അതിനാണല്ലൊ ഈ പുകിലൊക്കെ?
06-Dec-2013
ഷാജി തലമുണ്ട
എന്‍ വി അജിത്ത്
രാം കുമാര്‍
റാം കുമാര്‍
രഞ്ജിത്ത് ശ്രീധര്‍