|
ഭക്ഷണത്തെയും മദ്യത്തെയും പ്രണയിച്ച ജീവിതം തിരിച്ചു കുഞ്ഞിക്കയെയും പ്രണയിച്ചു കൊണ്ടുപോയി. മനസ്സ് പതിനേഴില്‍ നില്‍ക്കുമ്പോഴും സ്മൃതിനാശത്തിന്‍റെ ചുഴികളിലേയ്ക്ക് ആ ശരീരം വീണിരുന്നു. കുഞ്ഞിക്കയെന്നു സാംസ്‌കാരിക ലോകം സ്നേഹത്തോടെ വിളിച്ച കുഞ്ഞബ്ദുള്ളയുടെ വിയോഗം സൃഷ്ടിക്കുന്നത് ഓര്‍മ്മകളില്‍ മുള്ള് കുത്തുന്ന വേദനയാണ്.
കാരണം, മരണമത്ര സോഫ്റ്റല്ലല്ലോ.
|
ഒരിക്കൽ സാഹിത്യ അക്കാഡമിയിൽ രണ്ടു സ്ത്രീ പുരുഷ അംഗങ്ങൾ ഈഗോക്ലാഷിന്റെ പേരിൽ മിണ്ടാതെ ഇരിക്കുന്നു. കനം തിങ്ങിനിന്ന ആ അന്തരീക്ഷത്തിലേയ്ക്കാണ് കുഞ്ഞിക്ക കയറി വന്നത്.
"ഇതൊട്ടും ശരിയല്ല"
വന്നയുടനെ കുഞ്ഞിക്ക പറഞ്ഞു.
‘'എന്തു ശരിയല്ല?’' ആളുകള്‍ അന്തം വിട്ടു.
"ഈ അകൽച്ച.''
ഈ അക്കാഡമിയിലുള്ള അംഗങ്ങൾ തമ്മിൽ പരസ്പരം 'ബന്ധപ്പെട്ടാൽ എന്താണ് കുഴപ്പം ?'
അതായിരുന്നു കുഞ്ഞിക്ക.
മലയാളിയുടെ സ്വന്തം കുഞ്ഞിക്ക യാത്രയാകുന്നു. പുനത്തിൽ, കുഞ്ഞ് അബ്‌ദുള്ളയല്ല വലിയ അബ്‌ദുള്ളയാണ്.
ജീവിതത്തില്‍ പുനത്തില്‍ എന്ന എഴുത്തുകാരനെ ഞാൻ വായിക്കുന്നത് ലൈബ്രറിയിൽ നിന്നു കിട്ടിയ “നീലനിറമുള്ള തോട്ടം” എന്ന കഥാസമാഹാരത്തിൽ ആണ്. മീശ മുളച്ചു വരുന്ന കൌമാരത്തിന്റെ ലൈംഗിക അനുഭവങ്ങളെ ഇത്ര പച്ചയായി പകർത്തുന്ന മറ്റൊരു കഥാസമാഹാരം പിന്നീടൊരിക്കലും വായിച്ചിട്ടില്ല.
ഒരുപാട് ആരാധിച്ചിരുന്ന കുഞ്ഞിക്കയെ വെറുപ്പിച്ചത് പന്ത്രണ്ടാം തരത്തില്‍ മലയാളം പഠിപ്പിക്കാനെത്തിയ ടീച്ചറായിരുന്നു. സ്മാരകാശിലകൾ പ്രതികാര ബുദ്ധിയോടെ സിലബസ് തീര്‍ക്കാനായി പഠിപ്പിച്ചു തീര്‍ത്ത് ടീച്ചര്‍ കടന്നുകളഞ്ഞു എങ്കിലും ഡിഗ്രികാലത്ത് അത് വീണ്ടും വായിച്ച് സ്വയം തിരുത്തി.
പിന്നിട് മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂവിലൂടെയും, കൈരളി ടി വി യിലെ ജെ ബി ജംഗ്ഷൻ പരിപാടിയിൽ ബ്രിട്ടാസിനൊപ്പവുമൊക്കെ കൂടുതല്‍ കൂടുതല്‍ അറിയുന്തോറും കുഞ്ഞിക്ക മനസ്സിലെ വിലയേറിയ താരമായി മാറിക്കഴിഞ്ഞിരുന്നു. പോക്കുവരവ് കഥയൊക്കെ വന്ന അക്കാലത്ത് ഒരേസമയം തന്‍റെ സാംസ്കാരിക രംഗത്ത് ലൈംഗികതയെയും ആഹാര ശീലങ്ങളെയും കുറിച്ച് ഉള്ളുതുറന്നു ലിബറല്‍ ആയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും സാഹിത്യരംഗത്ത് പുത്തന്‍ രചനകളുമായി എഴുത്തുകാരന്‍ എന്ന യാത്ര തുടരുകയും ചെയ്തു.
ആസ്വാദകന്റെ ലോകത്തിലേയ്ക്ക് ഒരു അരുവി പോലെ കുത്തിയൊഴുകി.
ആസ്വാദകന്റെ ലോകത്തെ എഴുത്തിനെ ജീവിതത്തെ ചുണ്ടുകൊണ്ടും ചിന്ത കൊണ്ടും കുഞ്ഞിക്ക ചുംബിച്ചിരുന്നു.
മലയാളി പുരുഷന്റെ സെക്സ് സൈക്കൊ കൃത്യമായി കുഞ്ഞിക്കയിൽ കാണാം. അതു അടഞ്ഞ ലൈംഗികസമൂഹത്തിനും അഗമ്യഗമനങ്ങൾക്കും ലൈംഗിക തൃഷ്ണകൾക്കും ഉത്തരം നല്കിക്കൊണ്ടിരുന്നു.
രതിയുടെ ലിബറൽ ആയ അന്വേഷണങ്ങൾ കുഞ്ഞിക്കയോളം ആരും നടത്തിയില്ല,നിലപാടുകൾ എടുത്തതുമില്ല.
രതിയുടെയും അധികാരത്തിന്റെയും സങ്കീര്‍ണ്ണമായ സമസ്യകളെ ലഘുവും കാവ്യാത്മകവുമായി, പ്രത്യയശാസ്ത്ര, ആശയ ഭാരങ്ങളില്ലാതെ അവതരിപ്പിക്കുകയായിരുന്നു കുഞ്ഞിക്ക ചെയ്തത്. പരലോകം എന്ന നോവലില്‍ നടക്കുന്ന മഹാന്മാരുടെ വിചാരണയും , മലമുകളിലെ അബ്ദുള്ളയില്‍ രതിയോടുള്ള അടങ്ങാത്ത അഭിവാഞ്ജയും തന്മയത്വത്തോടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത് വായിക്കാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍, അതിനെക്കാളേറെ പുനത്തിലിനെ ശ്രദ്ധേയനാക്കിയത് മലയാളിയുടെ സാംസ്ക്കാരിക സമൂഹത്തില്‍ അദ്ദേഹം നടത്തിയ വെളിപാടുകളായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഷോകേസില്‍ വെക്കാന്‍ കൊള്ളാവുന്നവരാണെന്നും മുരളിയുടെയും മന്ത്രി മുനീറിന്റെയും സൗന്ദര്യം ഇഷ്ടപെടുന്നു എന്നും അദ്ദേഹം നാട്യങ്ങള്‍ ഇല്ലാതെ തുറന്നു പറഞ്ഞു. തടിച്ച സ്ത്രീകളോട് മലയാളികള്‍ക്ക് പൊതുവായുള്ള ഇഷ്ടവും കറുത്ത മുലയുടെ സൗന്ദര്യവും കുഞ്ഞിക്കയുടെ വാക്കുകളില്‍ വരുമ്പോള്‍ വിപണി കീഴടക്കിയ നമ്മുടെ ശരീര സൗന്ദര്യ ബോധങ്ങളെ പുതുക്കിപ്പണിയാന്‍ കെല്‍പ്പുള്ള കാഴ്ച്ചപ്പാടായി അത് മാറി. പെണ്ണിനോടുള്ള അടങ്ങാത്ത ഇഷ്ടത്തോടെ ജീവിതത്തെ മോണോഗമസ് ആയി ഒതുക്കാതെ, പോളിഗമസ് ആയി, പച്ചമനുഷ്യനായി അദ്ദേഹം ജീവിച്ചു.
ഭക്ഷണത്തെയും മദ്യത്തെയും പ്രണയിച്ച ജീവിതം തിരിച്ചു കുഞ്ഞിക്കയെയും പ്രണയിച്ചു കൊണ്ടുപോയി. മനസ്സ് പതിനേഴില്‍ നില്‍ക്കുമ്പോഴും സ്മൃതിനാശത്തിന്‍റെ ചുഴികളിലേയ്ക്ക് ആ ശരീരം വീണിരുന്നു. കുഞ്ഞിക്കയെന്നു സാംസ്‌കാരിക ലോകം സ്നേഹത്തോടെ വിളിച്ച കുഞ്ഞബ്ദുള്ളയുടെ വിയോഗം സൃഷ്ടിക്കുന്നത് ഓര്‍മ്മകളില്‍ മുള്ള് കുത്തുന്ന വേദനയാണ്.
കാരണം, മരണമത്ര സോഫ്റ്റല്ലല്ലോ.