കുട്ടിയപ്പനും ഇ എം എസും
സീതപുലയി
ഉണ്ണിയുടെ കഥവായിച്ച് ആവേശം കയറി, കുട്ടിയപ്പന്‍ തുമ്പിക്കൈയ്യില്‍ ചാരിനിര്‍ത്തി ലീലയെ ഭോഗിക്കുന്നത് കാണാന്‍ തിയറ്ററിലേക്ക് ഇരച്ചുവന്ന ചുംബനസമരക്കാരുടെ തിരക്കൊഴിയുമ്പോള്‍ സിനിമാ കൊട്ടക കാലിയാകും. കുട്ടിയപ്പന്റെ കൂടെ ശേഷിക്കുന്നത് ലൈംഗികതയടക്കമുള്ള അരാജകത്വങ്ങളുടെ കൊമ്പനാനയും പിമ്പ് ദാസപ്പാപ്പിയും എല്ലാ വേട്ടകള്‍ക്കും കൂടെപോകുന്ന പിള്ളേച്ചനും മകളെ കൂട്ടിക്കൊടുത്ത തങ്കപ്പന്‍ നായരും കുമിഞ്ഞുകൂടിയ പണവുമാണ്. ഇനിയും ലീലമാരെ അയാള്‍ തന്റെ ജീവിതമാവുന്ന കൊമ്പന്റെ തുമ്പിക്കൈയ്യിലേക്ക് ചേര്‍ത്ത് നിര്‍ത്തിയേക്കാം. അവരൊക്കെ അരാജകത്വത്തിന്റെ കൊമ്പനാനയുടെ ചവിട്ടേറ്റ് ഇല്ലാതായേക്കാം. അപ്പോഴും കുട്ടിയപ്പന്റെ ചുവരില്‍ ഇ എം എസിന്‍റെ ഫോട്ടോ തൂങ്ങിയാടുന്നുണ്ടാവാം. കൈയ്യിലുള്ള പണം പോലെ ഒരാഡംബരമാണ് കുട്ടിയപ്പന് ഈ ഇ എം എസ് ഫോട്ടോ. തനിക്ക് മികവുള്ള രാഷ്ട്രീയധാരണയുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു സൂത്രപ്പണിയാണ് ആ ഫോട്ടോ. ഏത് കുട്ടിയപ്പനും ഇ എം എസിനെ ഇത്തരത്തില്‍ ഉപയോഗിക്കാം. പക്ഷെ, ഇ എം എസിന്റെ രാഷ്ട്രീയത്തിന് ഒരിക്കലും കുട്ടിയപ്പന്‍മാരെ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ സാധിക്കില്ല. |
ലീല; സ്വന്തം അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ്. ലൈംഗിക അരാജകത്വമെന്ന കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ചേര്‍ത്ത് നിര്‍ത്തി മതിവരുവോളം ഭോഗിക്കണമെന്ന് കുട്ടിയപ്പന്‍ ആഗ്രഹിച്ച ഒരു പെണ്ണുടല്‍. കുട്ടിയപ്പനിലൂടെ ലീലയിലേക്ക് തുഴയുകയാണ് സംവിധായകന്‍ രഞ്ജിത്ത്, ലീലയെന്ന തന്റെ പുതിയ ചലചിത്രത്തിലൂടെ. എന്താണ് ലീല മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം?
കുട്ടിയപ്പന്റെ ജീവിതമാണ് ലീല പറയുന്നത്. അദ്ദേഹം ജീവിതത്തെ ഒരു ലൈംഗികാന്വേഷണ പരീക്ഷണമായി കാണുന്ന വ്യക്തിയാണ്. അല്ലെങ്കില്‍ സിനിമ ആ വശത്തെ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. കുട്ടിയപ്പന്റെ ജീവിതത്തിലെ ലൈംഗീകാന്വേഷണങ്ങളിലാണ് സിനിമ ഊന്നുന്നത്. തിരക്കഥാകൃത്ത് ആര്‍ ഉണ്ണി ആ ദിശയിലാണ് കഥയെ നയിക്കുന്നത്. ഒരാളുടെ ജീവിതത്തെ എങ്ങിനെ വേണമെങ്കിലും നോക്കി കാണാന്‍ സിനിമാ സംവിധായകനും കഥാകൃത്തിനും അവകാശമുണ്ടല്ലൊ.
കുട്ടിയപ്പന്റെ ചുവരില്‍ മൂന്ന് ചിത്രങ്ങളാണുള്ളത്. ഇ എം എസ്, മെര്‍ലിന്‍ മണ്‍റോ, ബ്രൂസ്‌ലി. അവരെയാവും കുട്ടിയപ്പന്‍ ആരാധിക്കുന്നത്. എന്തിനാവും കുട്ടിയപ്പന്‍ ഇ എം എസിനെ ആരാധിക്കുന്നത് എന്നതൊരു ചോദ്യമാണ്. അതിനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലൊ എന്നുള്ള ഉത്തരത്തില്‍ ആ ചോദ്യത്തിന്റെ മുന മടക്കാം. പക്ഷെ, അതൊരു വ്യക്തതയുള്ള ഉത്തരം ആവശ്യപ്പെടുന്ന ചോദ്യം തന്നെയാണ്.
ഈ കാലത്ത് ഞാനും ഇടതുപക്ഷമാണ് എന്ന് പറയുന്ന 'ഇ എം എസ് ആരാധകര്‍' ഫേസ്ബുക്കിനകത്ത് നിരവധിയുണ്ട്. ആ കൂട്ടത്തിലുള്ള ഒരു വ്യക്തിയാവും ഈ കുട്ടിയപ്പന്‍. തീര്‍ച്ചയായും കുട്ടിയപ്പന് ഇവിടെയുള്ള പലരേക്കാളും അതിനുള്ള യോഗ്യതയുണ്ട്. ഇവരൊക്കെ ഇടതുപക്ഷത്തെ, ഇ എം എസിനെ സ്‌നേഹിക്കുന്നത് പോലെ കുട്ടിയപ്പനും ഇ എം എസിനെ സ്‌നേഹിക്കാം. ഇവിടെയുള്ളവര്‍ സംഘടിപ്പിച്ച ചുംബന സമരം പോലെ കുട്ടിയപ്പനും സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ വേണ്ടി അവശതയിലായ വേശ്യകളെ പൊന്നാടയണിയിച്ച് ആദരിക്കുന്നുണ്ട്. കുട്ടിയപ്പന് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കില്‍ 'കിസ് ഓഫ് ലവ്'പോലെ അതൊരു കേമന്‍ പരിപാടിയാക്കി മാറ്റിയേനെ. പൊന്നാട മാത്രമല്ല, പതിനായിരം രൂപയുടെ സഹായധനവും ധനാഢ്യനായ കുട്ടിയപ്പന്‍ പാവപ്പെട്ട, ശരീരം കൊണ്ട് 'ജോലി' ചെയ്യാനാവാത്ത ആ സ്ത്രീകള്‍ക്ക് ് നല്‍കുന്നുണ്ട്. ആ നാട്ടിലെ വേശ്യകളാണവര്‍. ആ നാട്ടിലുള്ളവരും അല്ലാത്തവരും കാമദാഹം തീര്‍ക്കാന്‍ സമീപിച്ചവര്‍. കുട്ടിയപ്പന് അവരെ ഭോഗിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. കുട്ടിയപ്പന്‍ അതിനായി ചെന്നപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് കുമരകം നളിനി മാറ്റി നിര്‍ത്തിയത് അയാള്‍ ഓര്‍ക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായതിന് ശേഷം അവരെ ആദരിക്കുന്നത് വരെയുള്ള നീണ്ട കാലയളവില്‍ കുട്ടിയപ്പന്‍ അവരുടെ അടുത്തേക്ക് പോയില്ലേ? കുട്ടിയപ്പന്റെ അഭിരുചി വളര്‍ത്തിയത് അവരായിരുന്നില്ലേ? പോയില്ലെങ്കില്‍ തീര്‍ച്ചയായും കുട്ടിയപ്പന് പ്രായപൂര്‍ത്തിയാവാത്തത് വയസിലായിരിക്കില്ല. കുട്ടിയപ്പന്റെ പുരുഷത്വത്തിന് പ്രായപൂര്‍ത്തിയാവില്ല എന്ന തിരിച്ചറിവിലായിരിക്കും കുമരകം നളിനി അവനെ തിരിച്ചയച്ചിട്ടുണ്ടാവുക. വേശ്യകളെ ആദരിക്കുന്ന ചടങ്ങിന്റെ അവസാനം ചെങ്ങളം ഓമന, പുരുഷത്വത്തില്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയപ്പനോട് ഭോഗവേളയില്‍ കിതച്ചുവീഴുമ്പോള്‍ തീരില്ലേ നിന്റെയൊക്കെ ആണത്തം എന്ന് ചോദിക്കുന്നത് എന്തിനാണാവോ? കുട്ടിയപ്പന്‍ ആ സ്തീയുടെ അടുത്ത് പോയിട്ടുണ്ടാവില്ല. പോയിരുന്നുവെങ്കില്‍ കിതപ്പില്ലാത്ത കുട്ടിയപ്പനോട് അവര്‍ക്ക് ആ ഡയലോഗ് പറയാന്‍ സാധിക്കുമായിരുന്നില്ലല്ലോ.
ഒരു ഷണ്ഡനാണ് കുട്ടിയപ്പന്‍. ഒരു പെണ്ണിനെ പോലും പ്രാപിക്കാന്‍ കഴിയാത്തതിലുള്ള അവന്റെ ഇച്ഛാഭംഗം മറച്ചുവെക്കാനുള്ള പ്രകടനങ്ങളാണ് കുട്ടിയപ്പന്‍ കാട്ടി കൂട്ടുന്നത്. കുട്ടിയപ്പന്റെ സുഹൃത്തും പിമ്പുമായ ദാസപ്പാപ്പി കൊണ്ടുവരുന്ന പെണ്‍കുട്ടി, സി കെ ബിന്ദുവിനെ കുട്ടിയപ്പന്‍ പ്രാപിക്കുന്നത് ഒരു ശവമായിട്ടാണ്! പ്രതിഫലത്തിനായി ലൈംഗികകേളിയിലേര്‍പ്പെടാന്‍ വേണ്ടി വന്ന ആ പെണ്‍കുട്ടിയോട് അച്ഛനാണ് മരിച്ചുകിടക്കുന്നത് എന്ന് കരുതി നിലവിളിക്കാന്‍ പറയുകയാണ് കുട്ടിയപ്പന്‍. ചിലപ്പോള്‍ കുട്ടിയപ്പന് രതിമൂര്‍ച്ഛ ഉണ്ടാവുന്നത് സാധാരണ പുരുഷന്‍മാര്‍ക്ക് ഉണ്ടാവുന്നത് പോലെയായിരിക്കില്ല. ഇങ്ങനെയൊക്കെയാവും. മറ്റൊരിക്കല്‍ വേശ്യാവൃത്തിയിലും കൂട്ടിക്കൊടുപ്പിലും ഏര്‍പ്പെടുന്ന ഉഷ എന്ന സ്ത്രീയുടെ അടുത്ത് പോയപ്പോള്‍ അവള്‍ കുട്ടിയപ്പന്റെ 'പുരുഷത്വത്തെ' ഓര്‍ക്കുന്നത്, പൂര്‍ണ നഗ്നയാക്കി നിര്‍ത്തി 'ആത്മവിദ്യാലയമേ..' എന്ന പാട്ടില്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ്. കുട്ടിയപ്പന്റെ ലീലാ പുരാണങ്ങളില്‍ പെണ്‍വേട്ടയില്ല എന്ന് ചുരുക്കം. ഒരു ഷണ്ഡന് ഒരിക്കലും പെണ്ണിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ സാധിക്കില്ല. മാനസികമായി, ശാരീരികമായി സാധിക്കും. പെണ്ണിനെ അപമാനിക്കാന്‍ സാധിക്കും. ആ അപമാനപ്പെടുത്തലിനെ പരമ്പരാഗതമായി കൈവന്ന പണത്തിന്റെ പ്രതാപത്തിലൂടെ മറികടക്കുക മാത്രമാണ് കുട്ടിയപ്പന്‍ ചെയ്യുന്നത്. പണമാണ് ഈ സിനിമയിലെ നായകന്‍. കുട്ടിയപ്പന്‍ അത് കൊടുക്കുന്ന ഒരു ശരീരം മാത്രമാണ്. ഒരു കഥാപാത്രം. പിമ്പ് ദാസപ്പാപ്പി, കുട്ടിയപ്പനോട് ഒട്ടി നില്‍ക്കുന്നത് പണത്തിന് വേണ്ടിയാണ്. ഉഷ പുതിയ പെണ്‍കുട്ടികളെ കുട്ടിയപ്പന് വേണ്ടി അന്വേഷിക്കുന്നത് പണത്തിന് വേണ്ടിയാണ്. ലീലയുടെ അച്ഛന്‍ മകളെ വില്‍ക്കുന്നത് പണത്തിന് വേണ്ടിയാണ്. ഒരിക്കല്‍ ഉഷ കൊണ്ടുവരുന്ന പെണ്ണിനെയും കുട്ടിയപ്പന് ഇഷ്ടമാവുന്നില്ല. പക്ഷെ, അവള്‍ക്കും പണം കൊടുക്കുന്നു. കുട്ടിയപ്പനെ നായകനാക്കി മാറ്റുന്നതും ആ പണത്തിന്റെ പ്രൗഡിയാണ്. ഒരു പരമ ദരിദ്രനായിരുന്നു കുട്ടിയപ്പനെങ്കില്‍ ഈ അരാജകത്വം അവതരിപ്പിക്കാന്‍ ഉണ്ണിക്കും രഞ്ജിത്തിനും സാധിക്കുമായിരുന്നില്ല. തന്റെ ഷണ്ഡത്വത്തെ പണം കൊണ്ടുമൂടിവെക്കുകയാണ് കുട്ടിയപ്പന്‍. ഫേസ്ബുക്കില്‍ തനിക്കെതിരെ സ്ത്രീലമ്പടനെന്നും സ്ത്രീ പീഡകനെന്നും ലൈംഗീക അരാജകത്വത്തിന്റെ വക്താവെന്നും വിമര്‍ശനം ഉയരുമ്പോള്‍ കുട്ടിയപ്പന്‍ പൊട്ടിചിരിക്കുകയാവണം.
കുട്ടിയപ്പന്‍ സി കെ ബിന്ദുവില്‍ അനുകമ്പാ വിവശനായി അവള്‍ക്ക് വേശ്യാവൃത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു തുണിക്കടയില്‍ ജോലി ഏര്‍പ്പാടാക്കുന്നുണ്ട്. അതിന് പറഞ്ഞേല്‍പ്പിക്കുന്നത് പിമ്പായ ദാസപ്പാപ്പിയെയാണ്. ദാസപ്പാപ്പിയാണെങ്കില്‍ കയറുന്ന വീട്ടില്‍ നിന്നൊക്കെ അവിടെയുള്ള സ്ത്രീകളെ തന്റെ ഫീല്‍ഡിലേക്ക്, വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരാന്‍ അഡ്രസ് വാങ്ങുന്ന ആളാണ്. ഒരിക്കലും സി കെ ബിന്ദുവിനെ അയാള്‍ തന്റെ ഫീല്‍ഡില്‍ നിന്ന് പറഞ്ഞുവിടില്ല. കാരണം ആ ഫീല്‍ഡില്‍ ചിലവാകുന്ന ഒരു സ്ത്രീ ശരീരമാണ് സി കെ ബിന്ദു. കുട്ടിയപ്പന് ഷണ്ഡത്വം മാത്രമല്ല വിവേകവും തീരെയില്ല എന്ന് ഇത്തരം സീനുകള്‍ എഴുതിയ ഉണ്ണി ആര്‍ വ്യക്തമാക്കുന്നു.
ലീലയുടെ അച്ഛനാണ് തങ്കപ്പന്‍ നായര്‍. ലീലയുടെ അമ്മ തളര്‍ന്ന് കിടപ്പിലാണ്. ലീലയുടെ അമ്മയുടെ അനിയത്തി അവരുടെ കൂടെയായിരുന്നു. തളര്‍ന്നുകിടക്കുന്ന ഭാര്യയ്ക്ക് തന്റെ കാമദാഹം തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ഭാര്യയുടെ അനിയത്തിയെ അയാള്‍ ഉപയോഗിച്ചു. ആ സ്ത്രീ ലീലയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് തങ്കപ്പന്‍ നായര്‍ സ്വന്തം മകളെ ഒരു പെണ്‍ശരീരമായി കണ്ട് വേട്ടയാടുന്നത്. അവളെ ഭോഗിക്കുന്നത്. കള്ളും കാമവും കീഴടക്കുന്ന ആണ്‍ബോധത്തിന്റെ പ്രതിരൂപമാണ് ഈ സിനിമയിലെ തങ്കപ്പന്‍ നായര്‍. കുട്ടിയപ്പന്റെ ലൈംഗീക അരാജകത്വത്തിന്റെ വയനാടന്‍ തീര്‍ത്ഥയാത്രയില്‍ അയാളും പങ്കാളിയാവുകയാണ്. പണം, അത് മാത്രമാണ് അയാളെയും പ്രലോഭിപ്പിക്കുന്നത്. കുട്ടിയപ്പന് തങ്കപ്പന്‍ നായരെയും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കുന്നു. എന്തുകൊണ്ടെന്നറിയില്ല, മകളെ ഭോഗിച്ച തങ്കപ്പന്‍ നായര്‍ക്ക് കുട്ടിയപ്പന്‍ പൊന്നാടയും പതിനായിരം ഉറുപ്പികയും കൊടുക്കുന്നില്ല എന്നതില്‍ നമുക്കാശ്വസിക്കാം.
ലീല ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഒരുപാട് പീഡനങ്ങള്‍ കുഞ്ഞിലേ ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടി. ജീവിതത്തിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ കൊണ്ട് മരവിപ്പിക്കപ്പെട്ട പെണ്ണാണവള്‍. അവള്‍ ഈ സിനിമയില്‍ ആകെ ശബ്ദിക്കുന്നത് സ്വന്തം അച്ഛന്‍ പീഡിപ്പിക്കുമ്പോള്‍, 'അച്ഛാ' എന്ന് കരഞ്ഞാണ്. അവള്‍ സിനിമയില്‍ ചിരിക്കുന്നത് കുട്ടിയപ്പന്റെ, അമ്മയെ കുറിച്ചുള്ള സ്മരണ കേട്ടിട്ടാണ്. തന്റെ അച്ഛനില്‍ നിന്നും വിഭിന്നനല്ല ഈ മനുഷ്യന്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് അവളുടെ നിസഹായത നിറഞ്ഞ ചെറുചിരി ഉണ്ടാവുന്നത്. കുട്ടിയപ്പന്‍ അമ്മയുടെ പാചകത്തെ ഓര്‍ക്കുന്നതിന് മുമ്പ് തങ്കപ്പന്‍ നായര്‍ മകളുടെ പാചകം നല്ലതെന്ന് പറയുന്നുണ്ട്.
വയനാട്ടിലെ കാപ്പിതോട്ടത്തില്‍ തളച്ച ദേവസ്സിയുടെ കൊമ്പനാനയെ തീര്‍ത്തും ഒരു വിചിത്രകല്‍പ്പനയായി കാണാനാണ് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് താല്‍പ്പര്യം. അത് ഇടയ്ക്ക് കുട്ടിയപ്പനോട് സംസാരിക്കാന്‍ വരുന്ന മാലാഖ കുഞ്ഞമ്മയെപ്പോലെയാണ്. മാത്രമല്ല, ആ കൊമ്പനാനയോടൊപ്പം മാലാഖ കുഞ്ഞമ്മയും അവസാന സീനുകളില്‍ ഫ്രെയിമില്‍ നിറയുന്നുണ്ട്.
ഷണ്ഡനും ബുദ്ധിശൂന്യനുമായ കുട്ടിയപ്പന്‍, തന്റെ കൈയ്യിലുള്ള പണം കൊടുത്ത് തനിക്ക് വിശിഷ്ടമായ ലൈംഗികാനുഭവം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിനിമ ആരംഭിക്കുന്നത്. അവസാനിക്കുന്നതും. സഫലമാകാത്ത ലൈംഗികതയടക്കമുള്ള അരാജകത്വങ്ങളുടെ ചങ്ങലക്കിടാത്ത കൊമ്പനാനയെ പോലെയുള്ള ജീവിത പരിസരത്തേക്കാണ് കുട്ടിയപ്പന്‍ ലീലയെ സ്വാഗതം ചെയ്യുന്നത്. സ്വന്തം അമ്മവെച്ചുവിളമ്പിയതു പോലുള്ള ലീലയുടെ ബീഫ് കറിയാണ് അയാള്‍ക്കതിന് പ്രേരണയാവുന്നത്! പിന്നെ, അച്ഛന്‍ പിഴപ്പിച്ചു എന്ന, മോര്‍ച്ചറിയിലെ സ്പിരിറ്റ് കുടിക്കുന്ന ഡോ. സുകുമാരന്റെ സാക്ഷ്യപത്രത്തിലൂടെ ഊറിവന്ന സഹതാപവും, പെണ്ണുടലിനോടുള്ള ആര്‍ത്തിയും. ലീലയെപ്പോലുള്ള ഒരു സാധാരണ പെണ്‍കുട്ടിക്ക് കുട്ടിയപ്പന്റെ പ്രാന്തുകള്‍ മനസിലാക്കാനും അതിനോട് യോജിച്ച് മുന്നോട്ടുപോകാനും സാധിക്കില്ല. കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നുവീഴുക തന്നെ ചെയ്യും. കൊമ്പനാന ചവിട്ടിയരച്ചതിനേക്കാള്‍ വേദനാജനകമാവും അത്.
ഉണ്ണിയുടെ കഥവായിച്ച് ആവേശം കയറി, കുട്ടിയപ്പന്‍ തുമ്പിക്കൈയ്യില്‍ ചാരിനിര്‍ത്തി ലീലയെ ഭോഗിക്കുന്നത് കാണാന്‍ തിയറ്ററിലേക്ക് ഇരച്ചുവന്ന ചുംബനസമരക്കാരുടെ തിരക്കൊഴിയുമ്പോള്‍ സിനിമാ കൊട്ടക കാലിയാകും. കുട്ടിയപ്പന്റെ കൂടെ ശേഷിക്കുന്നത് ലൈംഗികതയടക്കമുള്ള അരാജകത്വങ്ങളുടെ കൊമ്പനാനയും പിമ്പ് ദാസപ്പാപ്പിയും എല്ലാ വേട്ടകള്‍ക്കും കൂടെപോകുന്ന പിള്ളേച്ചനും മകളെ കൂട്ടിക്കൊടുത്ത തങ്കപ്പന്‍ നായരും കുമിഞ്ഞുകൂടിയ പണവുമാണ്. ഇനിയും ലീലമാരെ അയാള്‍ തന്റെ ജീവിതമാവുന്ന കൊമ്പന്റെ തുമ്പിക്കൈയ്യിലേക്ക് ചേര്‍ത്ത് നിര്‍ത്തിയേക്കാം. അവരൊക്കെ അരാജകത്വത്തിന്റെ കൊമ്പനാനയുടെ ചവിട്ടേറ്റ് ഇല്ലാതായേക്കാം. അപ്പോഴും കുട്ടിയപ്പന്റെ ചുവരില്‍ ഇ എം എസിന്‍റെ ഫോട്ടോ തൂങ്ങിയാടുന്നുണ്ടാവാം. കൈയ്യിലുള്ള പണം പോലെ ഒരാഡംബരമാണ് കുട്ടിയപ്പന് ഈ ഇ എം എസ് ഫോട്ടോ. തനിക്ക് മികവുള്ള രാഷ്ട്രീയധാരണയുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു സൂത്രപ്പണിയാണ് ആ ഫോട്ടോ. ഏത് കുട്ടിയപ്പനും ഇ എം എസിനെ ഇത്തരത്തില്‍ ഉപയോഗിക്കാം. പക്ഷെ, ഇ എം എസിന്റെ രാഷ്ട്രീയത്തിന് ഒരിക്കലും കുട്ടിയപ്പന്‍മാരെ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ സാധിക്കില്ല.
ഇവിടെ എത്രയെത്രയോ കുട്ടിയപ്പന്‍മാര്‍ ഇടതുപക്ഷ നാട്യത്തോടെ നില്‍ക്കുന്നു? തിരക്കഥകള്‍ എഴുതുന്നു? സിനിമകള്‍ സംവിധാനം ചെയ്യുന്നു? വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കുന്നു? അവരുടെയൊക്കെ കൈകളില്‍ ലീലമാരെ വിലയ്ക്കുവാങ്ങാനുള്ള പണമുണ്ട്. അവര്‍ക്കുമുന്നില്‍ ദാസപ്പാപ്പിമാര്‍ പച്ചനോട്ടിലേക്ക് കണ്ണെറിഞ്ഞ് നില്‍ക്കുന്നുണ്ട്. പണം ഭരിക്കുന്ന ഈ ലോകത്തില്‍ ലീലയുടെ മരണം അനിവാര്യമാണ്. പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്നതല്ല പല മൂല്യങ്ങളും എന്ന തിരിച്ചറിവ് ലൈംഗീക അരാജകത്വങ്ങളുടെ കൊമ്പനാനകളുടെ തുമ്പിക്കൈകള്‍ സ്വപ്നം കാണുന്ന ആണത്ത മസ്തിഷ്‌കങ്ങളോട് ലീല ഉറക്കെ വിളിച്ചുപറയുന്നു.
01-May-2016
സച്ചിന് കെ ഐബക്
ഷാഹുല്‍ ഹമീദ് കെ ടി
ഷാഹുല്‍ ഹമീദ് കെ ടി
ഡോ. ജയപ്രകാശ് ആര്‍
ഷാഹുല്‍ ഹമീദ് കെ ടി