ക്യാന്‍വാസ്

 

 

 

 

പാബ്ലോ പിക്കാസോ വരച്ച ഒരു ചിത്രമാണ് ഗൂര്‍ണിക്ക. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രില്‍ 26ന് ഫ്രാങ്കോയുടെ നേത്രൃത്വത്തിലുള്ള അവിടത്തെ ദേശീയസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്, നാസി ജര്‍മ്മനിയുടേയും ഫാസിസ്റ്റ് ഭരണത്തിലിരുന്ന ഇറ്റലിയുടേയും പോര്‍വിമാനങ്ങള്‍ ബാസ്‌ക് പ്രവിശ്യയിലെ ഗൂര്‍ണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ് പിക്കാസോ ഈ ചിത്രം വരച്ചത്. 1937ലെ പാരിസ് അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തിനായി ഈ ചിത്രം വരക്കാന്‍ പിക്കാസോയെ നിയോഗിച്ചത് സ്‌പെയിനിലെ രണ്ടാം ഗണതന്ത്രസര്‍ക്കാര്‍ ആയിരുന്നു.

 

യുദ്ധത്തിന്റെ ദുരന്തസ്വഭാവവും, മനുഷ്യര്‍ക്ക്, വിശേഷിച്ച് നിര്‍ദ്ദോഷികളായ അസൈനികര്‍ക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയില്‍ പിക്കാസോ ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂര്‍ത്തരൂപവും ആയി മാനിക്കപ്പെടാന്‍ തുടങ്ങി. പൂര്‍ത്തിയായ ഉടനേ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദര്‍ശിക്കപ്പെട്ട ഗൂര്‍ണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗൂര്‍ണിക്കയുടെ ഈ 'പര്യടനം' സ്‌പെനിയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു.

കറുപ്പും വെളുപ്പും നരപ്പും നിറങ്ങളില്‍ 3.5 മീറ്റര്‍ ഉയരവും 7.8 മീറ്റര്‍ വീതിയുമായി ചുവരളവിലുള്ള എണ്ണച്ചിത്രമാണ് ഗുര്‍ണിക്ക. മാഡ്രിഡിലെ മ്യൂസിയോ റെയ്‌നാ സോഫിയായിലാണ് ഇപ്പോള്‍ ഇതു സൂക്ഷിച്ചിരിക്കുന്നത്. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ ജനറല്‍ ഫ്രാങ്കോയുടെ ദേശീയ സേനയെ പിന്തുണച്ചിരുന്ന ജര്‍മ്മനിയും ഇറ്റലിയും ചേര്‍ന്ന് ബാസ്‌ക് പ്രവിശ്യയിലെ ഗ്വേര്‍ണിക്ക പട്ടണത്തിന്മേല്‍ നടത്തിയ ബോംബാക്രമണം ലോകശ്രദ്ധയില്‍ കൊണ്ടുവരാനാണ് പിക്കാസോ ഈ ചിത്രം വരച്ചത്. 1937 ജൂണ്‍ പകുതിയോടെ വരച്ചു തീര്‍ത്ത ചിത്രം ആദ്യം പാരിസിലെ അന്തരാഷ്ട്രീയ ചിത്രപ്രദര്‍ശനമേളയില്‍ സ്‌പെയിനില്‍ നിന്നുള്ള ചിത്രങ്ങളുടെ ഭാഗമായും തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിവിധ വേദികളിലും പ്രദര്‍ശിപ്പിച്ചു. 1937 ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 19 വരെ സാന്‍ ഫ്രാന്‍സിസ്‌കോ കലാ മ്യൂസിയത്തിലാണ് അമേരിക്കയിലെ ഇതിന്റെ ആദ്യത്തെ പ്രദര്‍ശനം നടന്നത്. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ആധുനിക കലാമ്യൂസിയത്തില്‍, 1939 നവംബര്‍ 15ന് തുടങ്ങിയ പിക്കാസോ കൃതികളുടെ സുപ്രധാനമായ പ്രദര്‍ശനം 1940 ജനുവരി 7 വരെ തുടര്‍ന്നു. പ്രദര്‍ശനത്തിന്റെ പ്രമേയം 'പിക്കാസോ: അദ്ദേഹത്തിന്റെ കലയുടെ 40 വര്‍ഷം' എന്നായിരുന്നു. ആല്‍ഫ്രെഡ് എച്ച് ബാര്‍ ഷിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടുമായി സഹകരിച്ചാണ് ഇതു സംഘടിപ്പിച്ചത്. ഗുര്‍ണിക്കയും അനുബന്ധരചനകളും ഉള്‍പ്പെടെ പിക്കാസോയുടെ 344 സൃഷ്ടികള്‍ ആ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.

ദുരിതമനുഭവിക്കുന്ന മനുഷ്യരും, മൃഗങ്ങളും അക്രമവും അരാജകത്തവും തകര്‍ത്ത കെട്ടിടങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്.

07-Dec-2013

ക്യാൻവാസ് മുന്‍ലക്കങ്ങളില്‍

More