പാവങ്ങളുടെ പടത്തലവന്‍

എ കെ ജിയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത കേഡറുകളോട് കാണിച്ച അനുഭാവമാണ്. പാര്‍ടിപ്രവര്‍ത്തകരോട് അവരുടെ കുടുംബകാര്യങ്ങള്‍ അന്വേഷിക്കും. ആ അന്വേഷണം അവിടംകൊണ്ട് അവസാനിപ്പിക്കില്ല. തന്നെക്കൊണ്ടോ മറ്റുള്ളവരെക്കൊണ്ടോ ലഭിക്കാന്‍ കഴിയുന്നത്ര സഹായം എത്തിക്കാനുള്ള ശ്രദ്ധ കാട്ടിയിരുന്നു. എന്നും നിയമവിധേയമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ നിലവാരത്തിലുള്ള നേതാക്കളും താല്‍പ്പര്യം കാട്ടേണ്ടതുണ്ട്. 

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനായിരുന്നു എ കെ ജി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും ആ കൊടുങ്കാറ്റില്‍ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എ കെ ജിയുടെ വേഷവും 'ഫാഷനും'പോലും ആളുകള്‍ അനുകരിച്ചത്. പാര്‍ലമെന്റ് അംഗമായിരിക്കെ വിവാഹത്തിനുമുമ്പ് എ കെ ജി കുറെ കാലം 'ഹാഫ് മീശ' വച്ചിരുന്നു. അന്ന് അത് അനുകരിച്ച് വടക്കെ മലബാറില്‍ വ്യാപകമായി ഹാഫ് മീശക്കാരുണ്ടായിരുന്നു.

ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളുടെ തിളച്ചമണ്ണിലൂടെയാണ് എ കെ ജി പൊതുരംഗത്തേക്ക് നടന്നുവന്നത്. യാതനാപൂര്‍ണമായ ആ യാത്രയില്‍ എണ്ണമറ്റ ജയില്‍ജീവിതം, ജയിലിനകത്തും പുറത്തും ഏല്‍ക്കേണ്ടിവന്ന കൊടുംമര്‍ദനങ്ങള്‍, നീതിക്കുവേണ്ടിയുള്ള നിരാഹാരസമരങ്ങള്‍, ജയില്‍ചാട്ടവും നീണ്ട കാലയളവിലെ ഒളിവുജീവിതവും- ഇങ്ങനെ സ്ഫുടംചെയ്തെടുത്ത വിപ്ളവജീവിതമായിരുന്നു എ കെ ജി.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ടചരിത്രത്തില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്താനാകാത്ത പേരാണ് എ കെ ജിയുടേത്. എവിടെയെല്ലാം മനുഷ്യര്‍ ഭരണകൂടചൂഷണത്തിനെതിരെ സമരവേദി സൃഷ്ടിച്ചിട്ടുണ്ടോ, അവിടെയെല്ലാം കുതിച്ചെത്താന്‍ ശ്രമിച്ച സമരങ്ങളുടെ ഊര്‍ജകേന്ദ്രമായിരുന്നു അദ്ദേഹം. എ കെ ജി. പൊതുപ്രവര്‍ത്തകനായി കടന്നുവരുന്നത് കൊളോണിയല്‍ ഭരണകാലത്താണ്. അക്കാലത്ത് നിലനിന്ന സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പോരാടുകയുണ്ടായി.

കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റേത്. ആ സമരത്തിലെ വളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മര്‍ദനം ഏല്‍ക്കേണ്ടിവന്നു. അക്കാലത്ത് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന പ്രസ്ഥാനങ്ങളിലും പന്തിഭോജനസമരങ്ങളിലുമെല്ലാം എ കെ ജിയുടെ നേതൃത്വമുണ്ടായിരുന്നു. ദളിത് ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. ബോധംകെടുംവരെ ഭീകരമായ മര്‍ദനമായിരുന്നു അവിടെ സഖാവിന് ഏറ്റുവാങ്ങേണ്ടിവന്നത്. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കള്‍ അപൂര്‍വമാണ്.

ജനതയെ സമരസജ്ജരാക്കാന്‍ മറ്റാരേക്കാളും അപാരമായ ശേഷി എ കെ ജിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നയിച്ച സമരങ്ങള്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചത്. കേരള ചരിത്രത്തിലെ സവിശേഷശ്രദ്ധയാകര്‍ഷിച്ച ജാഥയാണ് എ കെ ജി നയിച്ച പട്ടിണിജാഥ. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തെ സഹായിക്കാന്‍ പോയ മലബാര്‍ജാഥ, 1960ല്‍ വിമോചനസമരത്തെതുടര്‍ന്ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കര്‍ഷകജാഥയും എക്കാലത്തെയും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ്.

സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്നുകൊണ്ടുതന്നെ തൊഴിലാളികളെ സംഘടിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തില്‍ ആദ്യകാലത്ത് രൂപപ്പെട്ട പല തൊഴിലാളി സംഘടനകളുടെയും രൂപീകരണത്തിലും വളര്‍ച്ചയിലും എ കെ ജിയുടെ കരസ്പര്‍ശം കാണാന്‍ കഴിയും. തിരുവണ്ണൂരിലും ഫറോക്കിലും ആദ്യ തൊഴിലാളിസംഘടനകളുടെ സംഘാടനത്തില്‍ എ കെ ജിയുടെ ഇടപെടലുമുണ്ടായിരുന്നു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിക്കുന്നതിലും അവയ്ക്കുവേണ്ട സാമ്പത്തിക അടിത്തറ ഒരുക്കുന്നതിലും എ കെ ജി ശ്രദ്ധിച്ചു. സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രം പ്രഭാതത്തിന്റെ പ്രസിദ്ധീകരണത്തിന് എ കെ ജിയുടെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ദേശാഭിമാനിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നല്‍കിയ സംഭാവന എക്കാലത്തും സ്മരിക്കപ്പെടും.

എ കെ ജിയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത കേഡറുകളോട് കാണിച്ച അനുഭാവമാണ്. പാര്‍ടിപ്രവര്‍ത്തകരോട് അവരുടെ കുടുംബകാര്യങ്ങള്‍ അന്വേഷിക്കും. ആ അന്വേഷണം അവിടംകൊണ്ട് അവസാനിപ്പിക്കില്ല. തന്നെക്കൊണ്ടോ മറ്റുള്ളവരെക്കൊണ്ടോ ലഭിക്കാന്‍ കഴിയുന്നത്ര സഹായം എത്തിക്കാനുള്ള ശ്രദ്ധ കാട്ടിയിരുന്നു. എന്നും നിയമവിധേയമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ നിലവാരത്തിലുള്ള നേതാക്കളും താല്‍പ്പര്യം കാട്ടേണ്ടതുണ്ട്. പാര്‍ടിപ്രവര്‍ത്തകരുടെ കാര്യത്തില്‍മാത്രമല്ല ജനങ്ങളെയാകെ സഹായിക്കുക, ജനങ്ങള്‍ക്കുവേണ്ടി സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുക അതായിരുന്നു എ കെ ജിയുടെ ശൈലി. എ കെ ജി പങ്കാളിയായി ചേര്‍ന്ന അമരാവതി സത്യഗ്രഹത്തിന്റെ അടിസ്ഥാനം അയ്യപ്പന്‍കോവിലിലെ കുടിയിറക്കായിരുന്നു. അതിനിരയായവരുടെ കഷ്ടപ്പാടുകള്‍ പത്രങ്ങളിലൂടെ മനസ്സിലാക്കിയ എ കെ ജി അവിടെയെത്തി ഐതിഹാസികമായ നിരാഹാരസമരം നടത്തുകയായിരുന്നു.

രാജ്യത്തെവിടെ ജനങ്ങളെ ഭരണകൂടം പീഡിപ്പിക്കുന്നുവോ അവിടങ്ങളിലെല്ലാം ഓടിയെത്താന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ബദ്ധശ്രദ്ധനായിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായി ഭരണം നടത്തുമ്പോള്‍ മുംബൈയില്‍ മറാത്തിജനത നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരുഡസനിലേറെ പൌരന്മാരെ വെടിവച്ചുകൊന്നു. നിശാനിയമവും ആയി. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാന്‍ എ കെ ജി രംഗത്തെത്തി നടത്തിയ പോരാട്ടം ഉപകരിച്ചു.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലും പിന്നീട് സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1952ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനുശേഷം രൂപീകരിച്ച പാര്‍ലമെന്റിലെ പ്രതിപക്ഷഗ്രൂപ്പിന്റെ നേതാവായിരുന്നു അദ്ദേഹം. ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്് എ കെ ജി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ കമ്യൂണിസ്റ്റുകാരന്‍ എങ്ങനെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കേണ്ടത് എന്നതിന്റെ മാതൃകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പാര്‍ലമെന്റില്‍ എ കെ ജി നടത്തിയ പ്രസംഗം പാര്‍ലമെന്ററി ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്. പ്രക്ഷോഭങ്ങളെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറ്റിയ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ആവേശോജ്വലമായ അധ്യായങ്ങള്‍ രചിച്ചവയാണ്. അതുവഴി പാവപ്പെട്ടവരുടെ പടത്തലവനെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. കിസാന്‍സഭയുടെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്ക് എ കെ ജി വഹിച്ചു. ഇടത്- വലത് പ്രവണതകള്‍ക്കെതിരായുള്ള സമരത്തിലും എ കെ ജി സജീവമായി പങ്കുകൊണ്ടു.

മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ നേതാവായിരുന്നു എ കെ ജി. സമരതീക്ഷ്ണമായ യൌവനമായിരുന്നു എന്നും എ കെ ജി. ആ ജീവിതം നമുക്കെന്നും പ്രചോദനമാണ്

 

22-Mar-2017