ഐ വി ശശിക്ക് വിട
സച്ചിന് കെ ഐബക്
മലയാളം ടെലിവിഷനുകളില്‍ ഏതിലെങ്കിലും ഐ വി ശശിയുടെ ചിത്രമില്ലാത്ത ഒരു ദിവസവും കടന്നുപോവുന്നില്ല. ഐ വി ശശി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്ത വരുമ്പോള്‍ മംഗലശേരി നീലകണ്ഠന് മരണത്തെ തോല്‍പ്പിക്കുന്ന രംഗമായിരുന്നു ടെലിവിഷനിലുണ്ടായിരുന്നത്. ഐ വി ശശിയുടെ ദേവാസുരം. ഐ വി ശശി നമ്മളില്‍ നിന്ന് വിട്ടുപിരിയുമ്പോഴും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലൂടെ അനശ്വരനായി ജീവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മഹാനായ കലാകാരന് ആദരാഞ്ജലികള്‍. |
മലയാള സിനിമയുടെ ഒരു കാലഘട്ടം കൊഴിഞ്ഞുപോവുകയാണ്. ആരവമുയരുന്ന സിനിമാ കൊട്ടകകളിലെ ആവേശമുയര്‍ത്തുന്ന പേരായിരുന്നു ഐ വി ശശി. മലയാള ചലച്ചിത്രരംഗത്തെ പകരം വെക്കാനാവാത്ത പേര്. ഇരുപ്പം വീട് ശശിധരനെന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഐ വി ശശിയായി മാറിയപ്പോള്‍ 150 ഓളം സിനിമകള്‍ ആ കൈകളിലൂടെ മലയാളം തമിഴ് ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചു. തന്റേതായ ഒരു ശൈലിയിലും സംവിധാന രീതിയിലും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയുടെ സാങ്കേതികമേഖല തീരെ വികസിച്ചിട്ടില്ലാത്ത കാലത്താണ് ഐ വി ശശി മികച്ച സൃഷ്ടികളുമായി അനുവാചക ഹൃദയങ്ങളെ കീഴടക്കിയത്. അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്നവയല്ല. വേറിട്ടുനില്ക്കുന്നവയും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനാര്‍ഹമായ സൃഷ്ടികളുമാണ് അവ.
മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് ഐ വി ശശി സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹക സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സഹസംവിധായകനായി. ഇരുപത്തിയേഴാം വയസ്സിലാണ് ആദ്യചലച്ചിത്രം സംവിധാനം ചെയ്തത്. ഈ ചലച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ല. പക്ഷെ, ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം വന്‍വിജയമായി മാറി. അദ്ദേഹത്തിന്റെ പേരില്‍ അടയാളപ്പെടുത്തിയ ആദ്യത്തെ സംവിധാന സംരംഭം ഉത്സവം ആയിരുന്നു. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ മികച്ച വിജയചിത്രമായി മാറി. ഈ സിനിമ ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യത്തെ മുതിര്ന്നവര്ക്കുമാത്രമുള്ള സിനിമകളില്‍ ഒന്നായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് സിനിമകള്‍ വീതവും തെലുങ്കില്‍ രണ്ടുസിനിമകളും ഐ വി ശശിയുടേതായുണ്ട്.
ഇതാ ഇവിടെ വരെ എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ പരിചയപ്പെട്ട നടിയായിരുന്നു ഐ വി ശശിയുടെ ഭാര്യയായി മാറിയ സീമ. ആ അഭിനേത്രിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പിറവികൊണ്ടത് ശശിയുടെ സിനിമകളിലൂടെയായിരുന്നു. എക്സ്ട്രാ നടിയായിരുന്ന സീമയെ സിനിമയില്‍ നായികയാക്കി മാറ്റിയ ഐ വി ശശി, തന്റെ ജീവിതത്തിലെ നായികയാകാനും സീമയെ ക്ഷണിച്ചു. സിനിമാ സെലിബ്രിറ്റികള്‍ സഹപ്രവര്‍ത്തകരെ ക്വട്ടേഷന്‍ കൊടുത്ത് പീഡിപ്പിക്കുന്ന ഈ കാലത്ത്, സിനിമയിലെ നന്മ നിറഞ്ഞ കാലമായി ഐ വി ശശിയുടെയും മറ്റും കാലഘട്ടത്തെ അടയാളപ്പെടുത്താനാവും. സീമയോടൊപ്പം മുപ്പതോളം സിനിമകള്‍ ഐ വി ശശി ചെയ്യുകയുണ്ടായി. കലാകാരിയെ കല്യാണം കഴിച്ച് വീട്ടിലിരുത്തണമെന്ന സാമ്പ്രദായിക ആണ്മനോഭാവമായിരുന്നില്ല ഐ വി ശശിക്ക് ഉണ്ടായിരുന്നത്. സ്ത്രീക്ക് സിനിമാ മേഖലയില്‍ അവളുടേതായ ഇടമുണ്ടെന്ന് ബുദ്ധിജീവി നാട്യങ്ങളൊന്നുമില്ലാതെ ഐ വി ശശി കാണിച്ചുതന്നു.
ഐ വി ശശി ചിത്രമായ ആരൂഡത്തിന് 1982ല്‍ ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. രണ്ടുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. അവാര്‍ഡ് തിളക്കങ്ങളില്ലാത്ത സമയത്തും ജനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയെ നെഞ്ചേറ്റി. 2013 ഏപ്രില്‍ 19ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയില്‍ കമലഹാസനും, മോഹന്‍ലാലും, മമ്മൂട്ടിയും ചേര്‍ന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി. 2014ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഐ വി ശശിക്ക് ലഭിച്ചു.
മലയാളം ടെലിവിഷനുകളില്‍ ഏതിലെങ്കിലും ഐ വി ശശിയുടെ ചിത്രമില്ലാത്ത ഒരു ദിവസവും കടന്നുപോവുന്നില്ല. ഐ വി ശശി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്ത വരുമ്പോള്‍ മംഗലശേരി നീലകണ്ഠന് മരണത്തെ തോല്‍പ്പിക്കുന്ന രംഗമായിരുന്നു ടെലിവിഷനിലുണ്ടായിരുന്നത്. ഐ വി ശശിയുടെ ദേവാസുരം. ഐ വി ശശി നമ്മളില്‍ നിന്ന് വിട്ടുപിരിയുമ്പോഴും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലൂടെ അനശ്വരനായി ജീവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മഹാനായ കലാകാരന് ആദരാഞ്ജലികള്‍.
24-Oct-2017
ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ
ഡോ. ജയപ്രകാശ് ആര്
ജയപ്രസാദ് ആര്
ഹിമ ശങ്കര്‍
പ്രീജിത്ത് രാജ്