ഒരു ഞെരമ്പിപ്പോഴും പച്ചയായുണ്ടെന്ന്...
മണിലാല്‍
കവിതക്ക് സംഗീതം ചേരുംപടിയാവുന്നത് ഞാന്‍ അന്നറിഞ്ഞു. ഒരു വട്ടം നാം ഉമ്മവെക്കുകില്‍ ഒരു വട്ടം നാം പൂഞ്ചിരിക്കുകില്‍ സച്ചിദാനന്ദന്റെ പ്രണയവും ഉമ്പായിയുടെ സംഗീതവുമായിരുന്നു അത്. |
ജോണ്‍ എബ്രഹാമിന്റേയും ഒഡേസയുടേയും അമ്മ അറിയാന്‍ എന്ന സിനിമയില്‍ നിന്നാണ് ഉമ്പായി എന്ന ഗായകനെ ഞാന്‍ കണ്ടെത്തുന്നത്. ഞെരളത്ത് രാമപൊതുവാളും ഉമ്പായിയും ഓക്ടോവിയൊ റെനെ കാസ്റ്റ്ലെയും കമ്യൂണിസ്റ്റ് ഇന്റര്നാഷണലുമൊക്കെയാണ് ഈ സിനിമയുടെ ശബ്ദ സംഗീതപഥങ്ങളെ ഊര്‍ജ്ജിതമാക്കുന്നത്.
ഉമ്പായി പാടിയ മനോഹര ഗസല്‍ ഈ സിനിമയിലുണ്ട്. കൊച്ചിക്കാരന് ഗായകന് നസീം ആണ് അത് അലപിച്ചിട്ടുള്ളത്.
അമ്മ അറിയാന്റെ ഫോര്‍ട്ട് കൊച്ചിക്കാലത്ത് ഉമ്പായി സംഗീതം കേള്‍ക്കാന്‍ ജോണ്‍ എബ്രഹാമിന്റെ കൂടെ പോയത് സുഹൃത്ത് സി എസ് വെങ്കിടേശ്വരന് ഇടക്കിടെ ഓര്‍മ്മിക്കാറുണ്ട്. ജോണും ഉമ്പായിയുടെ സംഗീതവും അത്രയേറെ സൗഹൃദത്തിലായിരുന്നു.
ഒഡേസയുടെ നൂറുകണക്കിന് പൊതു പ്രദര്‍ശനങ്ങളില്‍ 16 എം എം ന്റെ സ്വന്തം പ്രൊജക്ടറുമായി ഒഡേസ സംഘവുമായി ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കാന്‍ എനിക്കവസരം കിട്ടിയിട്ടുണ്ട്.
ജോണും അമ്മ അറിയാനും ഉമ്പായിയുമൊക്കെ ഹൃദിസ്ഥമാവുന്നത് അങ്ങിനെയാണ്.
ഉമ്പായിയെ പിന്നീട് കേട്ടിട്ടുണ്ടെങ്കിലും വളരെ ഇഷ്ടത്തോടെ സ്വീകരിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു ഓഡിയോ ആല്‍ബത്തിന്റെ പ്രകാശന വേദിയിലാണ്.
അകലെ മൗനം പോല്‍ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശന വേളയായിരുന്നു അത്.
പ്രണയാതുരമായ സച്ചിദാനന്ദന് കവിതകള്‍ക്കുള്ള ഉമ്പായിയുടെ സംഗീതോപഹാരമായിരുന്നു അത്.
സച്ചിദാനന്ദന് കവിതയില്‍ നിന്ന് ഉമ്പായി കടഞ്ഞെടുത്ത പ്രണയത്തിന്റെ ആകെത്തുകയായിരുന്നു, അകലെ മൗനം പോല്‍.
സ്വന്തം കവിതയിലെ സംഗീതത്തെ കൂടുതല്‍ മിനുക്കിയെടുക്കുന്നത് കാണാന്‍ കവിയും എത്തിയിരുന്നു.
കവിതക്ക് സംഗീതം ചേരുംപടിയാവുന്നത് ഞാന്‍ അന്നറിഞ്ഞു.
ഒരു വട്ടം നാം ഉമ്മവെക്കുകില്‍
പൂക്കളായ് നിറയുമീ
തീപ്പെട്ട ഭൂമി...
ഒരു വട്ടം നാം പൂഞ്ചിരിക്കുകില്‍
കിളികളായ് നിറയും
ഹിമാദ്രമാം വാനം...
സച്ചിദാനന്ദന്റെ പ്രണയവും ഉമ്പായിയുടെ സംഗീതവുമായിരുന്നു അത്.
മലയാള ചലച്ചിത്രഗാനങ്ങളെ തന്റേതായ രീതിയിലേക്ക് ആവിഷ്കരിച്ച് പ്രത്യേക ഗാന ശാഖയാക്കി അതിനെ മാറ്റിപ്പണിതു ഉമ്പായി.
ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോളൊരു...
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി...
വാകപ്പൂ മരം ചൂടും വാരിളം
പൂങ്കുലക്കുള്ളില്...
തുടങ്ങിയ പാട്ടുകളൊക്കെ ഈ ഗണത്തില്‍ വരുന്നവയാണ്.
ഇനിയും എത്രയൊ വികസിതമാക്കാമായിരുന്ന
സംഗീതലോകത്തെ വിട്ട് പോകുന്ന ഉമ്പായിക്ക് നിറഞ്ഞ ആദരവ്,
സച്ചിദാനന്ദന് ഉമ്പായി ആല്‍ബത്തിലെ,
ഒരു ഞെരമ്പിപ്പോഴും
പച്ചയായുണ്ടെന്ന് ഒരില
തന്റെ ചില്ലയോടോതി,
എന്ന ഗാനത്തിന്റെ ഓര്‍മ്മയില്‍.
02-Aug-2018
ജിഫിൻ ജോർജ്
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
ഡോ.പി.മോഹന്‍ദാസ്