ഫെമ ലംഘനം നടത്തിയെന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉണ്ടാക്കിയതാണ്: തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസില്‍ ആളുകളെ ചെളിവാരി എറിയാനുള്ള ശ്രമമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. താന്‍ ഫെമ ലംഘനം നടത്തിയെന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉണ്ടാക്കിയതാണ്. റിസര്‍വ് ബാങ്കിന് ഇതില്‍ പരാതി ഇല്ലെന്നും തോമസ് ഐസക് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തെളിവില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് പിന്നാലെയാണ് പ്രതികരണം.

'വലിയ അധഃപതനം ആണ് ഉണ്ടായിരിക്കുന്നത്. എന്തും ആകാമെന്ന നിലപാടാണ്. അന്ന് പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത്. യുഡിഎഫ് ഇത് ആഘോഷിക്കുകയായിരുന്നില്ലേ. കിഫ്ബിയെ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. നീതി ലഭിച്ചിരിക്കുന്നു.' തോമസ് ഐസക് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസില്‍ തെളിവുണ്ടോയെന്ന് അന്വേഷണം നടത്താന്‍ ആവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. തോമസ് ഐസക്കിന്റെ ഹര്‍ജിയിലാണ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി. എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചു.

14-Dec-2023