എസ്എഫ്ഐ ആരുടെയും ഒത്താശയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല: എ കെ ബാലൻ
അഡ്മിൻ
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍. ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവേയാണ് എ.കെ.ബാലന്റെ പരാമര്‍ശം.
‘സംസ്ഥാനം രൂപീകൃതമായതിനു ശേഷം 22 ഗവര്‍ണര്‍മാരാണു കേരളത്തില്‍ വന്നത്. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്നതിനു മുൻപ് ജസ്റ്റിസ് സദാശിവമായിരുന്നു ഗവര്‍ണര്‍. ആദ്യത്തെ ഗവര്‍ണര്‍ രാമകൃഷ്ണ റാവു മുതല്‍ വി.വി. ഗിരി തുടങ്ങിയ പ്രഗത്ഭരെ ഈ നിരയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇതുവരെ വന്ന ഗവര്‍ണര്‍മാരില്‍ ഇതുപോലെ ചീഞ്ഞുനാറിയ ഗവര്‍ണറെ കേരളം കണ്ടിട്ടില്ല.’– എ.കെ. ബാലൻ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച് ഗവര്‍ണര്‍ തിരഞ്ഞെടുത്ത രീതിക്കെതിരെ എസ്എഫ്ഐ സമരത്തിലാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
‘‘അവര്‍ പ്രതിഷേധിക്കുമെന്ന് പറഞ്ഞു തന്നെയാണ് കരിങ്കൊടി കാണിക്കുന്നത്. പ്രതിഷേധിച്ചവര്‍ക്കെതിരെ ഇംഗ്ലിഷില്‍ എന്തൊക്കെ ചീത്ത വാക്കുകളുണ്ടോ അതൊക്കെ പ്രയോഗിച്ചു. എസ്എഫ്ഐ ആരുടെയും ഒത്താശയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഇടതുമുന്നണി ഭരിക്കുമ്പോഴും എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സംഘടന സമരം നടത്താന്‍ പാടില്ലെന്നാണു ഗവര്‍ണര്‍ പറയുന്നത്. എട്ടു പാര്‍ട്ടികള്‍ മാറിമാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ പാരമ്പര്യമല്ല ഞങ്ങള്‍ക്ക്. അന്നുമുതല്‍ ഇന്നുവരെ ഒരു രാഷ്ട്രീയ നിലപാട് മാത്രമേയുള്ളു. കേരളത്തില്‍ നടക്കുന്നത് ഒറ്റപ്പെട്ടതോ അവിചാരിതമോ ആയ സംഭവങ്ങളല്ല.’’ – എ കെ ബാലൻ പറഞ്ഞു.