ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ പൊലീസ് നീക്കം ചെയ്യില്ല

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ​ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ പൊലീസ് നീക്കം ചെയ്യില്ല. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാട്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയില്ല. സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു.

സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിർദ്ദേശം നൽകിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഗവർണർക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ​ഗോ ബാക്ക് ബാനറുകളും ക്യാമ്പസിലു‌ടനീളമുണ്ട്.

ഗവർണർ സർവ്വകലാശാലയിൽ പ്രവേശിക്കുന്നതിനെതിരെ എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘ‌ടിപ്പിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റിയ ശേഷം ​വലിയ സുരക്ഷാ സന്നാഹങ്ങളോടെ ​ഗവർണർ ക്യാമ്പസിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ക്യാമ്പസിലെ ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിച്ചത്.

17-Dec-2023