ചരിത്രം അറിയാമെങ്കില്‍ ഗവര്‍ണര്‍ എസ്എഫ്‌ഐക്കാരെ ക്രിമിനല്‍സ് എന്ന് വിളിക്കില്ല: എ എൻ ഷംസീർ

ചരിത്രം അറിയാമെങ്കില്‍ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്രിമിനല്‍ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്. എസ്എഫ്‌ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. അത് അതിന്റെ സ്പിരിറ്റില്‍ കണ്ടാല്‍ മതി.
ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്‌ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അതിനെ ഗവര്‍ണര്‍ ആ രീതിയില്‍ കാണണം. എസ്എഫ്‌ഐ ക്രിമിനല്‍ സംഘമല്ലെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കി. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് പറഞ്ഞിരുന്നു.

തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്നും ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ സ്പീക്കര്‍ രംഗത്ത് എത്തിയത്.

17-Dec-2023