ഗവർണർ അഴിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവ്വകലാശാലയിലെ ക്യാമ്പസിൽ വീണ്ടും ബാനർ കെട്ടി എസ്എഫ്ഐ. ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്ഐ കെട്ടിയ 'ഗോ ബാക്ക്' ബാനറുകൾ അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിച്ചു.
എസ്എഫ്ഐ ഗവർണറുടെ കോലം കത്തിക്കുകയും കൂടാതെ എബിവിപിയുടെ ബാനർ കത്തിക്കുകയും ചെയ്തു. ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ക്യാമ്പസിലെ ബാനറുകൾ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ഗവർണർക്ക് അറിയില്ലേ എന്നാണ് എസ്എഫ്ഐ ചോദിക്കുന്നത്. ക്യാമ്പസിൽ ഗവർണർക്കെതിരെ കൂടുതൽ റോഡ് എഴുത്തുകളുമായും എസ്എഫ്ഐ. 'Dont spit hans and pan parag' എന്നാണ് എസ്എഫ്ഐയുടെ റോഡെഴുത്തുകൾ. 'ഗോ ബാക്ക് ഗവർണർ' അടക്കമുള്ള ബാനറുകളാണ് ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്.