തമിഴകത്തിന് കാതോര്‍ക്കാന്‍ ഇനി കരുണാനിധിയില്ല
അഡ്മിൻ
'എന്‍ ഉയിരിനും മേലാന്ന അന്പ് ഉടന്‍ പിറപ്പുകളെ..' കലൈഞ്ജറുടെ പ്രസംഗം കേട്ടവര്‍ക്ക് ആ അഭിസംബോധനയുടെ താളവും വികാരവും അറിയാം. തമിഴ്മക്കള്‍ നെഞ്ചോടുചേര്‍ത്തുവെച്ച അഭിസംബോധനയാണത്. അവരുടെ വികാരവിചാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ചേര്‍ത്തുനിര്‍ത്തല്‍ കൂടിയാണത്. ഡി എം കെ സ്ഥാപിച്ചത് അറിഞ്ജര്‍ അണ്ണാദുരൈയാണെങ്കിലും ഡി എം കെ കരുത്താര്‍ജ്ജിച്ചത് കലൈഞ്ജര്‍ കരുണാനിധിയിലൂടെയാണ്. ആ പാര്‍ടിയുടെ പതാകയിലെ ചുവന്ന നിറം സ്വന്തം ചോരകൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ കരുണാനിധിയുടെ ഉള്ളിലെ വിപ്ലവബോധം, മാറ്റത്തിനായുള്ള വാഞ്ഛ പെരുമഴപോലെ പെയ്യുകയായിരുന്നു.
തഞ്ചാവൂരില്‍നിന്ന് പതിമൂന്നാം വയസ്സില്‍ പൊതുപ്രവര്ത്തനത്തിലേക്കിറങ്ങിയ കരുണാനിധി പതിനെട്ടാം വയസ്സിലാണ് അണ്ണാദുരൈയെ കണ്ടുമുട്ടുന്നത്. പ്രവര്ത്തനമികവിലൂടെയും ചാട്ടുളിപോലെയുള്ള നാടകരചനയിലൂടെയും ചുരുങ്ങിയകാലം കൊണ്ട് അണ്ണാദുരൈയുടെ പ്രിയപ്പെട്ടവനായി കരുണാനിധി മാറി. തന്റെ കൈയില്‍ ആകെ ഒരു നിധിയെ ഉള്ളൂ അത് കരുണാനിധിയാണെന്ന് പൊതുവേദികളില്‍ അദ്ദേഹം പലതവണ വിളിച്ചുപറഞ്ഞു. അതിലൂടെ തമിഴ്മക്കളുടെ ഉള്ളിലും ആ നിധി കോരിയൊഴിക്കുകയായിരുന്നു അണ്ണാദുരൈ.
തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ജനകീയസ്ഥാനാര്ഥിയായിരുന്നു കരുണാനിധി, അണ്ണാദുരൈ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ചരിത്രമാണ് കരുണാനിധിയുടേത്. നാടിനെയും നാട്ടുകാരെയും സംബന്ധിക്കുന്ന വിവാദവിഷയങ്ങളിലെല്ലാം കലൈഞ്ജര്‍ പറയുന്നത് കേള്‍ക്കാന്‍ തമിഴകം തിരക്കുകൂട്ടി. ഹിന്ദി പ്രക്ഷോഭം സംസ്ഥാനത്തെ ഇളക്കിമറിച്ചപ്പോള്‍ ഹിന്ദി, ഹോട്ടലില്‍ നിന്നുവാങ്ങുന്ന ഭക്ഷണമാണെന്നും ഓഡര്‍ അനുസരിച്ച് പാചകക്കാരന് നമുക്കുണ്ടാക്കിത്തരുന്ന ആഹാരംപോലെയാണ് ഇംഗ്ലീഷെന്നും സ്വന്തം അമ്മയില്‍ നിന്നും വിളമ്പിക്കിട്ടുന്ന രുചി തമിഴില്‍ നിന്നുമാത്രമെ ലഭിക്കുകയുള്ളൂവെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം അക്കാലത്ത് ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തമിഴകം കണ്ട എക്കാലത്തെയും വലിയ സമരനായകന് കൂടിയായിരുന്നു കലൈഞ്ജര്‍. അണ്ണാദുരൈ മന്ത്രിസഭയിലൂടെ അധികാരതലത്തില്‍ ശക്തനായ കരുണാനിധി അണ്ണ വിടപറഞ്ഞപ്പോള്‍ എം ജി ആറിനെ കൂട്ടുപിടിച്ച് നടുഞ്ചെഴിയനെ വെട്ടി തമിഴകതലൈവരാകുകയായിരുന്നു. പാവപ്പെട്ടവന്റെ വീട്ടിലെ വിളക്കായിരിക്കും ഡി എം കെ സര്‍ക്കാര്‍ എന്ന അക്കാലത്തെ അദ്ദേഹത്തിന്റെ മുദ്രാവാക്യം ആര്‍പ്പുവിളികളോടെയാണ് നാട് ഏറ്റെടുത്തത്.
ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രിയായിരുന്നില്ല കരുണാനിധി. ഭരണതന്ത്രത്തിലൂടെ അദ്ദേഹം ഏവരെയും അമ്പരപ്പിച്ചു. തമിഴകത്തെ ഉദ്യോഗസ്ഥപ്രമാണിമാരെ വരുതിയില്‍ നിര്‍ത്തി ഉറച്ചതീരുമാനങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. നിയമസഭയില്‍ അദ്ദേഹം ഉച്ചസൂര്യനെ പോലെ ജ്വലിച്ചുനിന്നു. മുഖ്യമന്ത്രിയുടെ മറുപടിശരങ്ങളില് പതറിപ്പോകുന്ന പ്രതിപക്ഷത്തെയാണ് മാധ്യമങ്ങള്‍ സഭയില്‍ കണ്ടത്. റിക്ഷക്കാരുടെ പുനരധിവാസം, കൈവണ്ടികള്ക്കുപകരം റിക്ഷാസൈക്കിള്, വിവിധയിനം ക്ഷേമപെന്‍ഷനുകള്‍, നഗരവികസനം, ഭൂനിയമം അങ്ങനെ അധികാരം കൈപ്പിടിയിലെത്തിയപ്പോള്‍ അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ പലതും സംസ്ഥാനത്ത് വലിയമാറ്റങ്ങളാണ് കൊണ്ടുവന്നത്.
എം ജി ആറുമായുള്ള സൗഹൃദത്തിന് കോട്ടം തട്ടുന്നതോടെയാണ് കരുണാനിധിയെന്ന അതികായകന് അടിപതറിയതെന്ന് ചരിത്രം. പാര്‍ട്ടിയിലെ ഖജാന്‍ജിയായിരുന്ന എം ജി ആറിന് ലഭിക്കുന്ന ജനകീയതതന്നെയായിരുന്നു അസ്വസ്ഥതകളുടെ തുടക്കം. പാര്‍ട്ടിയില്‍ എം ജി ആര് കൂടുതല്‍ ശക്തനാകുന്നതും ഉള്‍ഗ്രാമങ്ങളില്‍പോലും സിനിമാനായകനായി ആരാധകസംഘങ്ങള്‍ തലപൊക്കുന്നതും സംശയത്തോടെയാണ് കരുണാനിധി ഉള്‍പ്പെടുന്ന നേതൃത്വം നോക്കിക്കണ്ടത്. എം ജി ആറിനെതിരേ കരുണാനിധി സ്വന്തം മകനെ അഭിനയരംഗത്തേക്കിറക്കുന്നതോടെ വിയോജിപ്പ് മറനീക്കി പുറത്തുവരുകയായിരുന്നു. എന്നാല്‍, എം ജി ആറിന്റെ ജനപിന്തുണ അളക്കുന്നതില്‍ കലൈഞ്ജര്‍ക്ക് തെറ്റുപറ്റി. ഡി എം കെ യില്‍ നിന്നു പുറത്തുവന്ന എം ജി ആറിന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. സ്വന്തമായി പാര്‍ട്ടി സ്ഥാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം പിന്നീട് മരണംവരെ മുഖ്യമന്ത്രിയായി തുടര്‍ന്നു.
അധികാരമില്ലാതെ, തോല്‍വിയും നിരാശയും ഏല്ക്കാതെ പ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്തി പതിമ്മൂന്നുവര്‍ഷം പാര്‍ട്ടിയുമായി മുന്നോട്ടുപോയി എന്നതാണ് കരുണാനിധിയുടെ നേതൃപാടവം. ശ്രീരാമന് പതിന്നാലുവര്ഷമെങ്കില് എനിക്ക് പതിമ്മൂന്നുവര്ഷമെന്നാണ് പിന്നീട് ഇക്കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഭാവിസ്വന്തമായി നിര്‍മിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്ത വ്യക്തിയാണ് താനെന്ന് കരുണാനിധി അദ്ദേഹത്തിന്റെ പിറന്നാള്‍ പൊതുസമ്മേളനത്തില്‍ മുന്‍പ് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. അവഗണനകളും വിവേചനപാതകളും താണ്ടിയാണ് താന്‍ ഇവിടം വരെയെത്തിയതെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങളില്‍ ആര്‍ക്കും ഒരു കരുണാനിധിയാകാമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓരോ പിറന്നാള്‍ ദിനത്തിലും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. കലൈഞ്ജര്‍ വാഴ്കയെന്ന് പ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ വ്യക്തിയല്ല പാര്‍ട്ടിതന്നെയാണ് അംഗീകരിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു, കാരണം വ്യക്തി പ്രസ്ഥാനമായി മാറിയ യാത്രയായിരുന്നു കലൈഞ്ജറുടെ ജീവിതം.
08-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ