ബ്ലഡി കണ്ണൂർ പരാമർശത്തിന് ​ഗവർണർ വലിയ വില നൽകേണ്ടിവരും: പി.പി ദിവ്യ

ബ്ലഡി കണ്ണൂർ പരാമർശത്തിന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വലിയ വില നൽകേണ്ടിവരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ​ഗവർണറുടെ ബ്ലഡി കണ്ണൂർ എന്ന പരാമർശം ചൂണ്ടിക്കാട്ടി ​ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് പി.പി ദിവ്യ ഉയർത്തുന്നത്. അധികം വൈകാതെ കുതിരവട്ടത്ത് ​ഗവർണർക്ക് ഒരു മുറി വേണ്ടിവരുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

‘ബ്ലഡി കണ്ണൂർ. മിസ്റ്റർ ആരിഫ് ഖാൻ ഈ പരാമർശത്തിന് അങ്ങ് വലിയ വില നൽകേണ്ടി വരും. അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങയ്ക്കു ആവശ്യമായി വരും’ -ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐയും രംഗത്തെത്തി. ‘സംഘി ചാൻസിലർ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയർത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനർ ഉയർത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

18-Dec-2023