തലശ്ശേരിയിലെ വർഗീയ കലാപം ആർഎസ്എസിന്റെ പരീക്ഷണം: മുഖ്യമന്ത്രി

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘ബ്ലഡി കണ്ണൂർ’ പ്രയോഗത്തിന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വീണ്ടും ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഗവർണറുടെ പ്രയോഗത്തിന് ഇന്നലെ താൻ പൊതുയോഗങ്ങളിൽ പറഞ്ഞ കാരണങ്ങളല്ലാതെ മറ്റൊരു കാരണം കൂടിയുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

ആർഎസ്എസ്സിന്റെ പരീക്ഷണശാലയായി അവർ ആദ്യകാലം മുതൽ കണ്ടിരുന്നത് കണ്ണൂരിനെയായിരുന്നു. അവരുടെ തുടക്കകാലം മുതൽ ഇതിനായി തിരഞ്ഞെടുത്ത സ്ഥലമാണ് തലശ്ശേരി. എന്നാൽ, ജനങ്ങൾക്കിടയിൽ അവർക്ക് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തലശ്ശേരിയിൽ ഒരു പരീക്ഷണം നടത്താൻ അവർ തീരുമാനിച്ചു. വർഗീയ കലാപത്തിനുള്ള ഒരുക്കങ്ങൾ കൂട്ടി. വർഗീയ കലാപം സംഘടിപ്പിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് നല്ല ധാരണ ആർഎസ്എസ്സിനുണ്ട്.

അതിനായി ആരേയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കും. കേട്ടാൽ പ്രയാസം തോന്നുന്ന തരത്തിലുള്ള കള്ളങ്ങൾ. ഇതെല്ലാം തലശ്ശേരിയിൽ ഒത്തുവന്നു. അതിന്റെ ഭാഗമായി ഒരു ഘോഷയാത്ര, ഘോഷയാത്രയ്ക്കു നേരെ ചെരിപ്പെറിഞ്ഞുവെന്ന കള്ളക്കഥ, ചെരിപ്പെറിഞ്ഞത് ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടയാൾ നടത്തുന്ന ഹോട്ടലിൽ നിന്നാണെന്ന മറ്റൊരു കള്ളക്കഥ. ഇതിനെല്ലാം പിന്നാലെ കലാപം ആരംഭിച്ചു.

ആ കലാപത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടു. സ്വത്തും ആരാധനാലയങ്ങളുമെല്ലാം പലർക്കും നഷ്ടപ്പെട്ടു. പക്ഷേ, ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കായിരുന്നു. ഞങ്ങളുടെ പ്രധാന പ്രവർത്തകനായിരുന്നു യുകെ കുഞ്ഞിരാമന് കലാപത്തിൽ ജീവൻ നഷ്ടമായി. ആരാധനാലയങ്ങൾ തകർക്കാൻ ആർഎസ്എസ് പദ്ധതിയിട്ടപ്പോൾ, ആത്മഹുതി ചെയ്തും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനം അന്ന് ഉണ്ടായി. പള്ളിക്ക് മുന്നിൽ വളണ്ടിയർമാർ കാവൽ നിന്നു. പള്ളി ആക്രമിക്കാനെത്തിയ സംഘത്തോട് യുകെ കുഞ്ഞിരാമനാണ് സംസാരിച്ചത്.

തങ്ങളുടെ ശവശരീരത്തിൽ ചവിട്ടി മാത്രമേ മുന്നോട്ടുപോകാനാകൂ എന്നാണ് പറഞ്ഞത്. വളണ്ടിയർമാരെ നേരിട്ട് പള്ളി ആക്രമിക്കാൻ ആകാത്തതിനാൽ അവർ തിരിച്ചുപോയി. എന്നാൽ, അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിരാമനെ, നിർവേലി എന്ന് പറയുന്ന സ്ഥലത്തെ കള്ള് ഷാപ്പിനടുത്തായി കാത്തു നിന്ന സംഘം ആക്രമിച്ചു കൊലപ്പെടുത്തി.

ആർഎസ്എസിന്റെ വർഗീയ കലാപ പരീക്ഷണത്തിനെതിരെ വലിയ തോതിലുള്ള ചെറുത്തു നിൽപ്പാണ് അന്നുണ്ടായത്. അത് കേരളത്തിന്റെ മനസ്സാണ് കാണിക്കുന്നത്. ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ ഈ കാര്യങ്ങൾ പറയുന്നത് ആർഎസ്എസ്സിനും സംഘപരിവാറിനും വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. തന്റെ യജമാനന്മാർക്കുള്ള അപ്രീതി ‘ബ്ലെഡി കണ്ണൂർ’ എന്ന വാക്കിലൂടെ പുറത്തുവരുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.

18-Dec-2023