യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് ; തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണ്ണായക ഇടപെടൽ. തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചതിൽ അന്വേഷണം നടത്താൻ പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍ II നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്.

ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാർത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോട് പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. ഈ വിഷയത്തിൽ ശക്തമായ ഇടപെടലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായാണ് കമ്മീഷൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ വ്യാജ കാർഡ് ഉപയോഗിക്കാൻ സാധ്യതയെന്ന് കമ്മീഷൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക അറിയിച്ചു. ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്.

19-Dec-2023