നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി.സര്‍ക്കാരിന്റെ തീരുമാനത്തെ അപലപിച്ച മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണെന്നും ആരോപിച്ചു. തികച്ചും ന്യായമായതും നിയമാനുസൃതവുമായ ഒരു ആവശ്യം ഉന്നയിച്ചതിന് മുമ്പ് ഇത്രയധികം പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ഷിക സിസിപി യോഗത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 13-ലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രസ്താവന തേടണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യത്തെ പിന്തുണച്ച അവര്‍, പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത് ഡിസംബര്‍ 13-ലെ അസാധാരണ സംഭവങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പ്രതികരണം ധിക്കാരപരമാണെന്ന് വിശേഷിപ്പിച്ച റായ്ബറേലി എംപി ഈ അഭ്യര്‍ത്ഥന കൈകാര്യം ചെയ്ത ധാര്‍ഷ്ട്യത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 13-ന് സംഭവിച്ചത് മാപ്പര്‍ഹിക്കാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ സംഭവമാണ്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനും സംഭവത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനും നാല് ദിവസമെടുത്തു, പാര്‍ലമെന്റിന് പുറത്താണ് അദ്ദേഹം അത് ചെയ്തത്.

അങ്ങനെ ചെയ്തതിലൂടെ, ലോക്സഭയുടെ അന്തസ്സിനോടുള്ള തന്റെ അവഗണനയും നമ്മുടെ രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയും അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചു. അവര്‍ ഇന്ന് പ്രതിപക്ഷത്തായിരുന്നെങ്കില്‍ ബിജെപി എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഊഹിക്കാവുന്നതെ ഉള്ളുവെന്നും അവര്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

20-Dec-2023