ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി. റവന്യൂ വകുപ്പാണ് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചത്. എരുമേലി സൗത്ത് , മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. നേരത്തെ ലഭിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് പുറത്തിറക്കിയത്. ഹാരിസൺ മലയാളം കമ്പനി , ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.
സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതില്‍ സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമാണെന്നും വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതു സംബന്ധിച്ച നടപടികളുടെ ഭാഗമായിട്ടാണ് ആദ്യം ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തിയത്.
ചെറുവള്ളി എസ്റ്റേറ്റിനും പുറമേ സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന 307 ഏക്കര്‍ സ്വകാര്യ ഭൂമിയിലെ വീടുകളുടെയും സ്ഥലം ഉടമകളുടെയും വിവരങ്ങള്‍ തേടിയിരുന്നു. വിമാനത്താവളത്തിനായി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം. വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കുക.
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് വിമാനത്താവള റണ്‍വേ നിർമ്മിക്കാനാണ് പദ്ധതി. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.