ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ
അഡ്മിൻ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലും വോട്ട് ചെയ്തതായി കണ്ടെത്തൽ. പന്തളത്ത് ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉണ്ടാക്കിയാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് പന്തളത്തെ അഭിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി മടങ്ങി.
ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അബി വക്കാസിനോട് പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരിൽ മറ്റാരെങ്കിലും വോട്ട് രേഖപ്പെടുത്തിയതാകാമെന്നും അബി വക്കാസ് പറഞ്ഞു. സംഭവത്തിൽ ഡിവൈഎഫ്ഐ പരാതിയുമായി പൊലീസിനെ സമീപിച്ചു.
പന്തളം പൊലീസിലാണ് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻസി അഭീഷ് അടക്കമുള്ളവര്‍ പരാതി നൽകിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വ്യാജ തിരിച്ചറിയൽ കാർഡുകൾ അടിച്ചിറക്കിയതെന്ന ആരോപണവും ഡിവൈഎഫ്ഐ ഉന്നയിക്കുന്നുണ്ട്.