പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല ഇനി അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിന്. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ സര്‍വേ നടത്താന്‍ സിഐഎസ്എഫിന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. അടുത്തിടെ പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമഗ്രമായ രീതിയില്‍ സിഐഎസ്എഫ് സുരക്ഷയും ഫയര്‍ വിംഗും ഒരുക്കാനാണ് ആലോചന. സിഐഎസ്എഫിന്റെ ഗവണ്‍മെന്റ് ബില്‍ഡിംഗ് സെക്യൂരിറ്റി (ജിബിഎസ്) യൂണിറ്റ്, കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഫയര്‍ കോംബാറ്റ് ആന്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍, നിലവിലെ പാര്‍ലമെന്റ് സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആഴ്ച അവസാനം മുതല്‍ സര്‍വേ ആരംഭിക്കും.
പുതിയതും പഴയതുമായ പാര്‍ലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്രമായ സുരക്ഷാ കവചത്തിന് കീഴില്‍ കൊണ്ടുവരും, പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ് (പിഎസ്എസ്), ഡല്‍ഹി പൊലീസ്, സിആര്‍പിഎഫിന്റെ പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും പുതിയ സംവിധാനത്തിന് കീഴിലായിരിക്കും.