കെഎസ് യു ക്കാർ അടികൊണ്ട് ജന്മം പാഴാക്കരുത്: മന്ത്രി സജി ചെറിയാൻ

യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ കലാപം നടത്താനുള്ള എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയെന്ന് സജി ചെറിയാന്‍ പറഞ്ഞു. നവ കേരള സദസ്സിന് ആന്റി ക്ലൈമാക്സ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. ക്രിമിനല്‍ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് പ്രശ്നം ഉണ്ടാക്കിയത്. ഇതിനൊന്നും കേരളത്തിലെ ജനങ്ങളെ കിട്ടത്തില്ല. സര്‍ക്കാരിന്റെ പണം എടുത്തല്ല നവകേരളസദസ്സ് നടത്തിയതെന്നും മന്ത്രി ആരോപിച്ചു.

ഒരു അക്രമത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി രക്ഷാദൗത്യം എന്ന് പറഞ്ഞ സംഭവത്തില്‍ കരിങ്കൊടി കാണിച്ച ചെറുപ്പക്കാരന്‍ ബസിനടിയില്‍ പെടേണ്ടതായിരുന്നു. പട്ടിക കഷണം എടുത്താണ് ഡിവൈഎഫ്ഐക്കാരെ യൂത്ത് കോണ്‍ഗ്രസ് അടിച്ചത്. കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാനും നിയമം കൈയ്യിലെടുക്കാനും നോക്കിയാല്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

‘കെ സുധാകരനോട് എനിക്കൊരു ഉപദേശം ഉണ്ട്. അമേരിക്കയില്‍ നിന്നും തിരിച്ച് വന്ന് കെപിസിസി നേതാവായി പ്രവര്‍ത്തിക്കണം. കേരളത്തിലെ പ്രശ്നങ്ങള്‍ നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്യാം. കെഎസ്യുക്കാര്‍ വെറുതെ പൊലീസുകാരുമായി ഏറ്റുമുട്ടി അവരുടെ ജന്മം കളയണ്ട. അടികൊണ്ട് ജന്മം പാഴാക്കരുത്.’ എന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

23-Dec-2023