കെ സുധാകരനും വി ഡി സതീശനും അക്രമത്തെ പ്രോത്സാഹിപ്പിച്ചു: ഇ പി ജയരാജൻ
അഡ്മിൻ
പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണമാണ് അരങ്ങേറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടികൊണ്ടാണ് വന്നത്. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത്. സാധാരണഗതിയിൽ സമരങ്ങൾ ഉണ്ടാവുമ്പോൾ സെക്രട്ടറിയേറ്റ് മുന്നിലൊക്കെ ജാഥയായി വന്ന് നേതാക്കൾ ഇരിക്കുകയോ നിൽക്കുകയോ ചെയ്ത് പ്രസംഗിക്കുക ആണ് ചെയ്യാറ്. എന്നാൽ ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത് ഇത്തരത്തിൽ ഉള്ള സമരരീതി അല്ല. വാളും വടിയുമൊക്കെയായി ഭ്രാന്ത് പിടിച്ച രീതിയിലാണ് മാർച്ച് നടത്തിയതെന്നും ഇ പി ജയരാജൻ ആരോപിച്ചു.
ഡിജിപി ഓഫീസിനു സമീപത്ത് ലോറിക്ക് മുന്നിൽ നിന്ന് നേതാക്കൾ സംസാരിക്കുമ്പോൾ തന്നെ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കോൺഗ്രസിന്റെ പുറപ്പാട് കണ്ടാൽ സമാധാനപരമായി നടക്കുന്ന സമരമാണെന്ന് തോന്നുകയില്ല. പോലീസിന് നേരെ കല്ലേറ് വന്നാൽ പിന്നെ എന്ത് ചെയ്യും. അഴിഞ്ഞാടാൻ സമ്മതിക്കണോയെന്നും ഇ പി ജയരാജൻ ചോദിച്ചു. കെ സുധാകരനും വി ഡി സതീശനും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.
അക്രമങ്ങൾ ഇല്ലാതാക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തം. അപ്പോൾ ജലപീരങ്കിയും, ടിയർ ഗാസും പ്രയോഗിക്കേണ്ടി വരും. ടിയർ ഗ്യാസ് പ്രയോഗിച്ചാൽ സാധാരണ ദേഹാസ്വസ്ഥം ഉണ്ടാവും. കോൺഗ്രസ് യൂത്ത് കോൺഗ്രസ് സമരം ക്ലച്ച് പിടിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആണ് അക്രമത്തിലേക്ക് തിരിഞ്ഞത്. നാടിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും. പൊലീസിന് നേരെ ഉണ്ടായ അതിക്രമങ്ങൾക്ക് അനുസരിച്ചുള്ള നടപടി ഉണ്ടായിട്ടില്ല. ഏതെങ്കിലും തരത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായോ. പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും സ്വന്തം സ്ഥാനം മനസിലാക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.