പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നു; ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ ബിനോയ് വിശ്വം

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ ഗോള്‍വാല്‍ക്കര്‍ ക്രിസ്ത്യാനികളെ കുറിച്ചെഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഗോള്‍വാല്‍ക്കര്‍ എഴുതിയ വിചാരധാര വായിച്ചാല്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ട മനസിലാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ച് ചോദിക്കാത്തതിലും സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചു. സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിരുന്നില്‍ കേരളം, ദില്ലി, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാരും പങ്കെടുത്തു.

ആദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. 2024 പകുതിയോടെയോ 2025 ആദ്യമോ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി സഭാ മേലധ്യക്ഷന്മാര്‍ വ്യക്തമാക്കി. മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ലെന്നും സഭാ മേലധ്യക്ഷന്മാര്‍ അറിയിച്ചു.

25-Dec-2023