സീതാറാം യെച്ചൂരിയുടെ ആര്‍ജ്ജവം സോണിയക്കും വേണമെന്ന് സമസ്ത
അഡ്മിൻ
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. 'പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!' എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം. ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു.
'ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് 11 വെള്ളി ഇഷ്ടികയാണ് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അയച്ചുകൊടുത്തത്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന സ്വാമിമാരെ വിളിച്ചുവരുത്തി പൂജ ചെയ്യിച്ചും കൂറ്റന്‍ ഹനുമാന് ക്ഷേത്രം നിര്‍മ്മിക്കുമെന്നു പറഞ്ഞുമാണ് മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് തേടിയത്.
രാജ്യത്തിന് പുറത്തും രാമക്ഷേത്രങ്ങള്‍ ഉയരുമെന്ന പ്രഖ്യാപനവും അവര്‍ നടത്തി. എന്നിട്ടും ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് മുന്നില്‍ കമല്‍നാഥിന്റെ മൃദുഹിന്ദുത്വയ്ക്ക് കാലിടറി.' സമസ്ത ചൂണ്ടികാട്ടി. മൃദുഹിന്ദുത്വയെ പുല്കാനുള്ള കൊതികൊണ്ടാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി എവ്വിധം ദുരുപയോഗപ്പെടുത്തണമെന്നതില്‍ അഗ്രഗണ്യരായ സംഘ്പരിവാര്‍ സംഘടനകളെ അതേനാണയത്തില്‍ എതിരിടണമെന്ന മണ്ടത്തരം ആരാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഓതിക്കൊടുക്കുന്നതെന്ന് സുപ്രഭാതം ചോദിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് മാറി ചിന്തിച്ചില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് സമസ്ത മുന്നറിയിപ്പ് നല്കുന്നു.