കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് കെടി ജലീൽ
അഡ്മിൻ
രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺഗ്രസിനെ നിശിതമായി വിമർശിച്ച് സമസ്ത രംഗത്തെത്തിയതിനോട് പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും നിശിതമായി വിമർശിച്ച് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജലീൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് എന്ത് ചെയ്താലും അതിന് റാൻ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ ഗ്യാൻവാപി മസ്ജിദും മധുരയിലെ ഈദ്ഗാഹ് മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകുമെന്നും ജലീൽ ആരോപിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം കോൺഗ്രസിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യെച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തും?
കോൺഗ്രസ്സിൻ്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധർമ്മമാണ് "സുപ്രഭാതം"ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമർശനം കോൺഗ്രസ്സിൻ്റെ കണ്ണ് തുറപ്പിക്കുമെങ്കിൽ രാജ്യവും കോൺഗ്രസ്സും രക്ഷപ്പെടുമെന്നും അദ്ദേഹം കുറിച്ചു. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം രംഗത്തെത്തിയിരുന്നു. 'പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!' എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം.
ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് സുപ്രഭാതത്തിന്‍റെ എഡിറ്റോറിയല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ പോസ്റ്റ്. 'ചന്ദ്രിക' പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം 'സുപ്രഭാതം' നിർവ്വഹിച്ചുവെന്നാണ് ജലീൽ കുറിച്ചത്.