കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന അയോദ്ധ്യ

അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ്. ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രജ്ഞന്‍ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്.

അതേസമയം വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പങ്കെടുക്കുന്നത് വ്യക്തിപരമെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചപ്പോള്‍ അക്കാര്യത്തില്‍ കെപിസിസി അല്ല, മറിച്ച് ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടെന്നും ഇക്കാര്യം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എന്തിരുന്നാലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആണെന്നും അത് 23 ന് അറിയാമെന്നുമാണ് ഒടുവില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്സഭാ കക്ഷി നേതാവായ അധിര്‍രജ്ഞന്‍ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ചൗധരിക്കും പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വിവരം.

29-Dec-2023