അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ട: എംവി ഗോവിന്ദൻ മാസ്റ്റർ

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനമാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ടയാണെന്നും കൂട്ടിച്ചേർത്തു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പണി പൂർത്തിയാവുന്നതിന് മുന്നേ ഉദ്ഘാടനം നടത്തുന്നു. ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണമാണെന്നും ഗോവിന്ദൻ വിമർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി ക്ഷണം കിട്ടിയ ഉടൻ അത് നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്ത് കൊണ്ട് അതിൽ ഉറച്ചു നിൽക്കാനാവുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പരാജയത്തിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ജനം തള്ളിക്കളഞ്ഞു എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെ തെളിയിച്ചതാണ്. കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

29-Dec-2023