സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 8നു പരിഗണിക്കും

വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രതീപ്കുമാര്‍ ഹര്‍ജി 8നു പരിഗണിക്കാന്‍ മാറ്റി.

എന്നാല്‍ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസില്‍ ഉള്‍പ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ജനുവരി 17നു മകളുടെ വിവാഹം ഗുരുവായൂരിലും സല്‍ക്കാരം തിരുവനന്തപുരത്തും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്കു മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു വേണ്ടി പ്രതിഷേധ മാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണു കേസെടുക്കാന്‍ കാരണമെന്നു ഹര്‍ജിയില്‍ പറയുന്നു.

ഒക്ടോബര്‍ 27 ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടല്‍ ലോബിയില്‍ വച്ച് ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലില്‍ പിടിച്ചുവെന്നും ഒഴിഞ്ഞു മാറിയപ്പോള്‍ വീണ്ടും ശ്രമിച്ചെന്നും ഈ ഘട്ടത്തില്‍ കൈ തട്ടിമാറ്റിയെന്നും മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനു കേസെടുത്തു. നവംബര്‍ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

30-Dec-2023