ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കേണ്ടത് ഗവർണറാണ്: മന്ത്രി വിഎൻ വാസവൻ

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഗവർണറും മുഖ്യമന്ത്രിയും മുഖം തിരിച്ച് ഇരുന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ. ​ഗവർണറുടെ ഭാ​ഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ​ഗവർണർ ചാടിയിറങ്ങിപ്പോയി.ഇന്നലെ നടന്ന ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കാതിരിക്കുകയും അഭിവാദ്യം ചെയ്യാതിരിക്കുകയുമായിരുന്നു.

രാജ്ഭവൻ ഒരുക്കിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കേണ്ടത് ഗവർണറാണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് അനുയോജ്യമാകുമെങ്കിലും ഗവർണർക്ക് അനുയോജ്യമല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സാമാന്യ മര്യാദ പാലിച്ചില്ലെന്നും മന്ത്രി വി എൻ വാസവൻ കുറ്റപ്പെടുത്തി.മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഇന്നലെ മന്ത്രിമാരായി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെയാണ് ഗവർണർ-സർക്കാർ പോരിന്റെ ഒരു നേർക്കാഴ്ചയുണ്ടായത്.

30-Dec-2023