മോദി സ്വയം പ്രഖ്യാപിത ബാഹുബലി: രാഹുൽ ഗാന്ധി

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ പെൺകുട്ടികൾക്ക് അവാർഡുകളേക്കാൾ ആത്മാഭിമാനമാണ് പ്രധാനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു. സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുൽ പ്രധാനമന്ത്രിയെ വിമർശിച്ചത്.

പ്രധാനമന്ത്രി രാജ്യത്തിന്റെ സംരക്ഷകനാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ പറഞ്ഞു. ഗുസ്തിക്കാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ശനിയാഴ്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽരത്‌ന അവാർഡും തിരികെ നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ അവാർഡുകളുമായി മടങ്ങുകയായിരുന്നു താരം. രാഹുൽ ഗാന്ധിയും ഈ വിമർശനത്തിന്റെ വീഡിയോ പങ്കുവച്ചു.

നേരത്തെ മെഡൽ തിരികെ നൽകിയ ഗുസ്തി താരം ബജ്‌റംഗ് പുനിയയുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചിരുന്നു. ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിനെയും പ്രിയങ്ക കണ്ടിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ട് മെഡലുകൾ തിരികെ നൽകിയത്. ബ്രിജ് ഭൂഷണെതിരെ തങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടി ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തിക്കാരുടെ തീരുമാനം.

31-Dec-2023