അയോധ്യയിലെ രാമക്ഷേത്രം ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്‌മരണ സമ്മേളനത്തില്‍ ‘ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ’ എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ ഒരിക്കലും പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ലെന്നും വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഗവർണർക്കെതിരായ പ്രതിഷേധങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും പി ജയരാജൻ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ വ്യക്തമാക്കി.
രാമക്ഷേത്ര വിഷയത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുകയാണ് എന്നദ്ദേഹം ആരോപിച്ചു. ‘മുമ്പ് ഗവർണറായിരുന്ന പി സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളായിരുന്നു സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ അധഃപതിച്ചതാണ്.
അപൂർവമായി മാത്രം കേരളത്തിൽ എത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുന്നു. ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ ഒരിക്കലും കേന്ദ്ര സർക്കാരിന്റെ ഏജന്റ് ആയി പ്രവർത്തിക്കാൻ പാടില്ല. ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം ബന്ധങ്ങൾ അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ’, പി ജയരാജൻ ചൂണ്ടിക്കാട്ടി.