വീഞ്ഞിന്റെയും കേക്കിന്റെയും പരാമര്‍ശം ഞാന്‍ പിന്‍വലിക്കുന്നു: മന്ത്രി സജി ചെറിയാൻ
അഡ്മിൻ
തന്റെ പ്രസംഗത്തില്‍ വീഞ്ഞിന്റെയും കേക്കിന്റെയും പരാമര്‍ശം താന്‍ പിന്‍വലിക്കുന്നതായി മന്ത്രി സജി ചെറിയാന്‍. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും സജി ചെറിയാന്‍ വ്യക്തമാക്കി. മണിപ്പൂരില്‍ നടന്ന ക്രൈസ്തവ വേട്ടയെക്കുറിച്ചാണ് താന്‍ പ്രസംഗത്തിനിടിയില്‍ പറഞ്ഞത്. കലാപം രൂക്ഷമായ ഒരു സ്ഥലത്ത് പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയില്ല. അദ്ദേഹം അവിടം സന്ദര്‍ശിക്കേണ്ടതായിരുന്നു.
ബി ജെ പി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 700 ഓളം ആക്രമണങ്ങളുണ്ടായി. അതെല്ലാം ഉത്തര്‍പ്രദേശിലും, ഹരിയാനയിലും, മധ്യപ്രദേശിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മണിപ്പൂരിലെ ക്രൈസ്തവ വേട്ടയെക്കുറിച്ച് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. അവിടെ കലാപം അമര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ല. ആ പ്രശ്‌നം എന്ത് കൊണ്ടാണ് ബിഷപ്പുമാര്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഉന്നയിച്ചില്ലന്നാണ് താന്‍ ചോദിച്ചത്. ആ പ്രസംഗത്തിനിടക്ക് കയറി വന്ന പരാമര്‍ശമാണ് വീഞ്ഞിന്റെയും കേക്കിന്റെയും, അത് പിന്‍വലിക്കാന്‍ താന്‍ തെയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
ബി ജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ താന്‍ മരിക്കുന്നത് വരെ പോരാടും അതാണ് സജി ചെറിയാന്റെ രാഷ്ട്രീയ നിലപാട് . അത് താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പി സര്‍ക്കാര്‍ വന്നതിന് ശേഷം വലിയ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ചാണ് താന്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെതിരല്ല താന്‍ പറഞ്ഞത്. അവിടെ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞില്ലന്നാണ് താന്‍ പറയുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.