ഇഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസും ഒഴിവാക്കിയ ശേഷം പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ . ഈ സമൻസുകൾ പുറപ്പെടുവിക്കുന്നതിന് സാധുവായ കാരണമോ ന്യായമോ അന്വേഷണ ഏജൻസിക്ക് ഇല്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. സമൻസുകൾ "പ്രചോദിതമാണ്" എന്നും അദ്ദേഹം ആവർത്തിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസാണ് അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കിയത്. ചോദ്യം ചെയ്യാൻ ജനുവരി മൂന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഏജൻസി സമൻസ് അയച്ചിരുന്നുത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് സമൻസിന് മറുപടി നൽകിയെങ്കിലും നോട്ടീസിനെ "നിയമവിരുദ്ധം" എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയാൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഏജൻസി ലക്ഷ്യമിടുന്നതെന്ന് എഎപി ആരോപിച്ചു. സമൻസിന് നിയമമനുസരിച്ചുള്ള നടപടിയെടുക്കുമെന്ന് എഎപി മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. ജനുവരി മൂന്നിലെ സമൻസിന് കെജ്‌രിവാൾ ഹാജരാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കക്കർ ഇക്കാര്യം പറഞ്ഞത്. "ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഞങ്ങളുടെ അഭിഭാഷക സംഘം കൂടുതൽ സജ്ജരായിരിക്കും. ഞങ്ങൾ നിയമപ്രകാരം പ്രവർത്തിക്കും." - കക്കർ വ്യക്തമാക്കി.

മുമ്പ് നവംബർ 2നും ഡിസംബർ 21നും സമൻസ് അയച്ചിട്ടും ഫെഡറൽ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് മൂന്നാമത്തെ നോട്ടീസ് അയച്ചത്. സമൻസുകൾ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിന് പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി നിർദ്ദേശം കെജ്രിവാൾ അവഗണിച്ചത്. ഇതിന് പിന്നാലെ ധ്യാനം ഡിസംബർ 30 വരെ തുടരുമെന്ന് ആംആദ്മി പാർട്ടി അറിയിച്ചിരുന്നു. ഇതോടെയാണ് മൂന്നാം സമൻസിൽ ജനുവരി മൂന്നിന് ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ ഈ സമൻസും ഇഡി ഒഴിവാക്കുകയായിരുന്നു.

അനുബന്ധ വാർത്തകൾ

03-Jan-2024