62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിഞ്ഞു . ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു . ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി . സിനിമാ താരം നിഖില വിമലാണ് മുഖ്യാതിഥി. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു . രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തിയത് .

തുടർന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു . തുടർന്ന് സ്വാഗത ഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിചു. ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിർവഹിക്കും. മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനാകും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.

04-Jan-2024