തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്: മന്ത്രി പി രാജീവ്

തൃശ്ശൂര്‍ പൂരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയെ പോലുള്ള ആളുകള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പി രാജീവ്. ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ 2014 ന് ശേഷം ഇന്ത്യയില്‍ പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നതെന്നും ശബരിമലയിലും സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാണെന്നും ഇന്നലെ പ്രധാനമന്ത്രി തൃശൂരില്‍ പറഞ്ഞിരുന്നു.

ലൈഫ് മിഷന്‍ വീടുകളില്‍ തങ്ങള്‍ ആരുടെയും പടം വയ്ക്കുന്നില്ല. പ്രധാനമന്ത്രിയുടെ പടവും വെക്കില്ല എന്നും പി രാജീവ് പറഞ്ഞു. സ്തീകളോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വ സാധ്യതയോട് ഇതിലും വലിയ പ്രചരണമല്ലേ കഴിഞ്ഞ തവണ നടന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തിന് ‘അഞ്ചാറു വര്‍ഷമായി അവരുടെ ഏജന്‍സികള്‍ അല്ലേ ഈ കേസുകള്‍ അന്വേഷിക്കുന്നത്, എന്നിട്ടെന്തായി എന്ന് എല്ലാവര്‍ക്കുമറിയാം’ എന്നും മന്ത്രി മറുപടി നല്‍കി. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.

04-Jan-2024