കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് ബജെപിയുടെ ശ്രമം: ജോസ് കെ മാണി

ബിജെപിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാവില്ലെന്ന് ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് ബജെപിയുടെ ശ്രമം. റബ്ബര്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു ഭാഗത്ത് മോദിയാണ് ഗ്യാരണ്ടി എന്ന് എന്‍ഡിഎ പ്രചാരണം. മറുഭാഗത്ത് രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി തന്നെ നഷ്ടമായി. ഗൗരവത്തോടെ ഇതിനെ കാണണം. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കോട്ടയം സീറ്റ് സംബന്ധിച്ച് ആദ്യം എല്‍ഡിഎഫില്‍ ചര്‍ച്ച നടക്കും. ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു. ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം തിരുത്താന്‍ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഇടപെട്ടു. സഭകളുമായി കേരളകോണ്‍ഗ്രസിന് നല്ല ബന്ധമാണ്. സര്‍ക്കാരും സഭകളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

05-Jan-2024